ശസ്ത്രക്രിയയ്ക്കിടയില്‍ രോഗി ബാഹുബലി -2 സിനിമ കണ്ടു
3 മണിക്കൂര്‍ 17 മിനിറ്റ് നീളമുള്ള സിനിമയ്ക്കിടയില്‍ വെറും ഒന്നരമണിക്കൂര്‍ കൊണ്ടാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്
ശസ്ത്രക്രിയക്കിടയില്‍ ഗിത്താര്‍ വായിച്ച സംഭവത്തിന് പിന്നാലെ സിനിമ കണ്ട് വീണ്ടും അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് ഒരു രോഗി. തലച്ചോറിലെ ശസ്ത്രക്രിയക്കിടയില്‍ ഇന്ത്യന്‍ സിനിമാ രംഗത്ത് തന്നെ ചരിത്രമായി മാറിയ ബാഹുബലി കണ്ടാണ് നാല്‍പത്തിമൂന്നൂകാരിയായ രോഗി വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ സ്വകാര്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കഴിഞ്ഞയാഴ്ചയാണ് ഓര്‍മ്മയെയും ബോധത്തെയും ബാധിക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയയ്ക്കിടെ വിനയകുമാരി എന്ന മുന്‍ ഹെഡ് നഴ്‌സ് ലാപ് ടോപ്പില്‍ സിനിമ കണ്ടുകൊണ്ടിരുന്നത്. തലച്ചോറില്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറായതിനെതുടര്‍ന്നാണ് 'തലച്ചോറിനെ ഉണര്‍ത്തുന്ന' അപൂര്‍വ്വ ശസ്ത്രക്രിയയ്ക്ക് വിനയ വിധേയയായത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് വേദന അറിയാതിരിക്കാനുള്ള മരുന്ന് നല്‍കിയിരുന്നെങ്കിലും വിനയകുമാരിക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. പൂര്‍ണമായും മയക്കിയാല്‍ ശസ്ത്രക്രിയയ്ക്കിടയ്ക്ക് തലച്ചോറിലെ സൂക്ഷ്മ ഭാഗങ്ങള്‍ക്കു ക്ഷതം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചിലപ്പോള്‍ ഓര്‍മശക്തിക്ക് തന്നെ കുഴപ്പം വരാമെന്നതിനാലാണ് സമ്പൂര്‍ണ്ണമായി മയക്കാതിരുന്നത്.
മാത്രമല്ല ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ പ്രതികരണങ്ങള്‍ അറിയേണ്ടതും ഡോക്ടര്‍മാര്‍ക്ക് അത്യാവശ്യമായിരുന്നു. തലയോട്ടിയുടെ ഇടത് ഭാഗത്തുള്ള മസ്തിഷ്‌ക്കാവരണം(കോര്‍ടെക്‌സ്) തുറക്കുമ്പോള്‍ വിനയകുമാരി ബാഹുബലിയിലെ ഡണ്ടാലയ്യാ..എന്ന പാട്ടിന്റെ (തെലുഗു വേര്‍ഷന്‍) ഹമ്മിംഗ് മൂളുകയായിരുന്നു. ശസ്ത്രക്രിയയ്ക്കിടയില്‍ അരികില്‍ നിന്ന നഴ്‌സിന്റെ കൈകളില്‍ മുറുകെ പിടിക്കുകയും, ശേഷം പുഞ്ചിരിച്ചുകൊണ്ട് എഴുന്നേല്‍ക്കുകയും ചെയ്തു. 3 മണിക്കൂര്‍ 17 മിനിറ്റ് നീളമുള്ള സിനിമയ്ക്കിടയില്‍ വെറും ഒന്നരമണിക്കൂര്‍ കൊണ്ടാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ന്യൂറോസര്‍ജനായ ശ്രീനിവാസ് റെഡ്ഡിയാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. വിനയകുമാരിയുടെ ഇഷ്ട സിനിമയാണ് ബാഹുബലി 2, അതുകൊണ്ടാണ് ഈ ചിത്രം തന്നെ തെരഞ്ഞെടുത്തതെന്ന് രോഗി പറഞ്ഞു.