പൊതുബജറ്റില്‍ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികള്‍ പ്രതീക്ഷിച്ച് യുവത്വം
ഗ്രമീണമേഖലകളില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിച്ചാല്‍മാത്രമേ വളര്‍ച്ച കൈവരിക്കാനാവുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോളും വന്‍കിട പദ്ധതികള്‍ ഉണ്ടാകാനിടയില്ലെന്നാണ് സൂചന.
ജനക്ഷേമപദ്ധതികള്‍ക്കൊപ്പം രാജ്യത്ത് പെരുകുന്ന തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികളും പൊതുബജറ്റിലുണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഗ്രമീണമേഖലകളില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിച്ചാല്‍മാത്രമേ വളര്‍ച്ച കൈവരിക്കാനാവുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോളും വന്‍കിട പദ്ധതികള്‍ ഉണ്ടാകാനിടയില്ലെന്നാണ് സൂചന.
ഇന്ത്യയിലെ തൊഴിലില്ലായ്മ 2018 ല്‍ 3.5 ശതമാനമായി ഉയരുമെന്നാണ് അന്താരാഷ്ട്ര തൊഴിലാളി സംഘടനയായ ഐ.എല്‍.ഓ യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധമേഖലകളിലായി രാജ്യത്ത് പ്രതിവര്‍ഷം 10 മുതല്‍ 12 ദശലക്ഷം വരെ തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപെടേണ്ടതുണ്ടെന്ന് വിവിധ പഠനങ്ങളും വ്യക്തമാക്കുന്നു. ഗ്രാമീണമേഖലയില്‍ തൊഴിലവസരം സൃഷ്ടിക്കുന്ന അടിസ്ഥാന സൗകര്യവികസനപദ്ധതികള്‍ വേണമെന്ന് പ്രീബജറ്റ് ചര്‍ച്ചകളില്‍ വിദഗ്ധര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. എന്നാല്‍ പുതിയ വന്‍കിട നിര്‍മാണപദ്ധതികള്‍ക്കുള്ള സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന നിര്‍മാണപദ്ധതികളിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമമായിരിക്കും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുക. അതിനാല്‍ തന്നെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്പൂര്‍ണബജറ്റില്‍ യുവാക്കള്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നത്തെ എങ്ങനെ സര്‍ക്കാര്‍ മറികടക്കുമെന്നതാണ് ഉയരുന്ന ചോദ്യം.