2001- 2011 കാലയളവില്‍ ഇന്ത്യയില്‍ ശൈശവ വിവാഹത്തിനിരയായത് 29 ലക്ഷം കുട്ടികള്‍

Update: 2018-06-01 13:15 GMT
Editor : Jaisy
2001- 2011 കാലയളവില്‍ ഇന്ത്യയില്‍ ശൈശവ വിവാഹത്തിനിരയായത് 29 ലക്ഷം കുട്ടികള്‍

നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ്(NCPCR) വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍

2001-2011 കാലയളവില്‍ രാജ്യത്ത് ശൈശവ വിവാഹത്തിനിരയായത് 29 ലക്ഷം കുട്ടികള്‍. 10നും 14നും മധ്യേ പ്രായമുള്ള കുട്ടികളാണ് വിവാഹിതരായത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ്(NCPCR) വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍. കമ്മീഷന്‍ 2011ല്‍ നടത്തിയ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ സിക്രിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ശൈശവ വിവാഹം കടുത്ത മനുഷ്യാവാകാശ ലംഘനമാണെന്നും കുട്ടികളുടെ സ്വത്വത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ജസ്റ്റിസ് സിക്രി പറഞ്ഞു.

Advertising
Advertising

പതിമൂന്ന് സംസ്ഥാനങ്ങളിലെ എഴുപതോളം ജില്ലകളില്‍ ശൈശവ വിവാഹം വ്യാപകമായിട്ടുണ്ട്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്,അസം,ബിഹാര്‍,ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്,മഹാരാഷ്ട്ര,രാജസ്ഥാന്‍,ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ശൈശവ വിവാഹം സാധാരണ സംഭവമാണ്. രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ കടക്കുന്നത്. എന്നാല്‍ രാജസ്ഥാനിലെ തന്നെ ബന്‍സ്വാര ജില്ലയില്‍ ശൈശവ വിവാഹം കുറയുന്നതായിട്ടാണ് റിപ്പോര്‍ട്ട്. നഗര പ്രദേശങ്ങളായ യുപിയിലെ ഗസിയാബാദ്, ഹൈദരാബാദ്, റാംഗ്രഡി, കര്‍ണാടകയിലെ ദവംഗീര്‍ എന്നിവിടങ്ങളില്‍ കുട്ടി വിവാഹങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യമാണുള്ളത്.

ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം ശൈശവ വിവാഹത്തിന്റെ തോത് കുറയുന്നതായിട്ടാണ് കാണിക്കുന്നതെന്ന് വനിതാശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവ പറഞ്ഞു. ശൈശവ വിവാഹത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ ഈയിടെ കര്‍ണാടകയില്‍ ശൈശവ വിവാഹം തടയുന്ന നിയമം ഭേദഗതി ചെയ്തു. മറ്റ് സംസ്ഥാനങ്ങളും ഇതു പിന്തുടരുമെന്നാണ് പ്രതീക്ഷ. സര്‍ക്കാരുമായി സഹകരിച്ച് എന്‍സിപിസിആര്‍ ഈ സംസ്ഥാനങ്ങളില്‍ സെമിനാറുകളും ശില്‍പാശാലകളും നടത്തണമെന്നും ശ്രീവാസ്തവ പറഞ്ഞു.

പെണ്‍കുട്ടികളെ വിവാഹത്തിന് മുന്‍പുള്ള ലൈംഗികാതിക്രമത്തില്‍ നിന്നും രക്ഷപ്പെടുത്തുക, അതുവഴി കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പലരും കുഞ്ഞുങ്ങളെ ചെറുപ്രായത്തില്‍ വിവാഹം കഴിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News