നിര്‍ഭയ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ ശരിവെച്ചു
ക്രിമിനല്‍ ഗൂഢാലോചന സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി നിരീക്ഷിച്ചു
നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, മുകേഷ് എന്നീ നാല് പ്രതികളുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് വിധി. കുറ്റകൃത്യത്തിന്‍റെ പൈശാചികത കണക്കിലെടുക്കുമ്പോള്‍ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പ്രതികള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടു. സിസിടിവി ദൃശ്യങ്ങളും നിര്‍ഭയയുടെ മരണമൊഴിയും അവഗണിക്കാനാകാത്ത തെളിവുകളാണെന്നും വിധിയില്‍ പറയുന്നു.
രാജ്യത്തിന്‍റെ പൊതു മനസ്സാക്ഷിയെയും മനുഷ്യത്വത്തെയും ഞെട്ടിച്ച സംഭവമാണ് നിര്‍ഭയ കേസ്. ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ അക്രമിച്ച രീതിയും പെണ്‍കുട്ടിയില്‍ ഏല്‍പ്പിച്ച മുറിവുകളുടെ സ്വഭാവവും പരിഗണിക്കുമ്പോള്‍ പരമാവധി ശിക്ഷയായ വധശിക്ഷയല്ലാതെ മറ്റൊന്നും നല്‍കാനാകില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു. കേസിലെ കീഴ്ക്കോടതി വിചാരണ നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നും ക്രിമിനല്‍ ഗൂഢാലോചന നടന്നതിന് തെളിവില്ലെന്നുമുള്ള അമിക്കസ്ക്യൂറിമാരുടെ വാദം കോടതി പൂര്‍ണ്ണമായി തള്ളി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും നിര്‍ഭയയുടെ മരണ മൊഴിയില്‍ നിന്നും ക്രിമിനല്‍ ഗൂഢാലോചന സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തി. സുപ്രിം കോടതിയില്‍ നിന്നും നീതി ലഭിച്ചതായി നിര്‍ഭയയുടെ പിതാവ് പ്രതികരിച്ചു. അതേസമയം വിധിക്കെതിരെ പുനപ്പരിശോധന ഹരജി നല്‍കുമെന്ന് പ്രതികളുടെ അഭിഭാഷകര്‍ പ്രതികരിച്ചു.
2012 ഡിസംബര്‍ 26ന് ദക്ഷിണ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ചാണ് നിര്‍ഭയ അക്രമിക്കപ്പെട്ടത്. ഡിസംബര്‍ 29ന് സിംഗപ്പൂരില്‍ ചികിത്സക്കിടെ നിര്‍ഭയ മരിച്ചു. ആറ് പ്രതികളില്‍ ഒരാള്‍ വിചാരണക്കിടെ ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ ജുവനൈല്‍ ഹോമില്‍ അയച്ചു. ബാക്കി നാല് പ്രതികളെ തൂക്കിലേറ്റാന്‍ 2013 സെപ്തംബര്‍ 13നാണ് അതിവേഗ വിചാരണക്കോടതി വിധിച്ചത്. 2014 മാര്‍ച്ചില്‍ ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചിരുന്നു.