മേഘാലയയില്‍ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍
സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുമ്പോള്‍ ആദ്യപരിഗണന വേണമെന്ന് ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസ്സ് ഗവര്‍ണറോട് ആവശ്യപ്പെട്ടു
മേഘാലയയില്‍ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുമ്പോള്‍ ആദ്യപരിഗണന വേണമെന്ന് ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസ്സ് ഗവര്‍ണറോട് ആവശ്യപ്പെട്ടു. എന്‍.പി.പി യെ മുന്‍ നിര്‍ത്തി ബി.ജെ.പിയും നീക്കം സജീവമാക്കി. ബി.ജെ.പി - കോണ്‍ഗ്രസ്സ് ദേശീയ നേതാക്കള്‍ സംസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണ്. നാഗാലാന്‍റില്‍ ബി.ജെ.പി - എന്‍.ഡി.പി.പി സഖ്യം അധികാരം ഉറപ്പിച്ച നിലയിലാണ് കാര്യങ്ങള്‍.
25 വര്‍ഷത്തെ സി.പി.എം ഭരണത്തിന് അറുതിയിട്ട് ബി.ജെ.പി അട്ടിമറി ജയം നേടിയ ത്രിപുരയില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ മുഖ്യമന്ത്രി ആയേക്കും. ത്രിപുരയില്‍ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ആലോചനകള്‍ ബി.ജെ.പിയില്‍ തുടങ്ങി. സംസ്ഥാന പ്രസിഡന്‍റ് ബിപ്ലബ് കുമാറിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുക.
ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് കോണ‍്‍ഗ്രസും ബി.ജെ.പിയും. കഴിഞ്ഞതവണത്തെപോലെ ചെറുകക്ഷികളും സ്വതന്ത്രന്‍മാരും ഇത്തവണയും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അതേസമയം എന്‍.പി.പിയെ മുന്നില്‍ നിര്‍ത്തിയാണ് ബി.ജെ.പിയുടെ കരുനീക്കം. നാഗാലാന്‍ഡിലും മന്ത്രിസഭ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.