ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ബിജെപി നിലനിര്‍ത്തി

Update: 2018-06-05 10:16 GMT
Editor : Jaisy
ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ബിജെപി നിലനിര്‍ത്തി

270ല്‍ 183 സീറ്റുകളില്‍ ബിജെപി ഭൂരിപക്ഷം നേടി

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. 270 ല്‍ 183 സീറ്റുകളില്‍ ബിജെപി ഭൂരിപക്ഷം നേടി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് കൂട്ടരാജി തുടരുകയാണ്. തെരഞ്ഞെടുപ്പ് യന്ത്രത്തില്‍ അട്ടിമറി ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി.

മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും വ്യക്തമായ ലീഡ് നേടിയാണ് ബിജെപി ഭരണം നിലനിര്‍ത്തിയത്. ആം ആദ്മി പാര്‍ട്ടി രണ്ടാമതെത്തിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 138 സീറ്റുകളില്‍ നിന്ന് അന്പതോളം സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ബിജെപിക്കായി. ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള ആദരസൂചകമായി ബിജെപി വിജയാഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

Advertising
Advertising

കഴിഞ്ഞ തവണ 77 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇത്തവണ അതിന്റെ പകുതി പോലും നേടാനായില്ല. മികച്ച പ്രചാരണം നടത്താന്‍ കോണ്‍ഗ്രസിനായില്ലെന്ന വിമര്‍ശവുമായി മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത്ത് രംഗത്തെത്തി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷസ്ഥാനം രാജിവെച്ച അജയ്മാക്കന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ രാജിസന്ധദ്ധത അറിയിച്ചു. ഡല്‍ഹിയുടെ പ്രത്യേക ചുമതലയുള്ള പി സി ചാക്കോയും എഐസിസി ജനറല്‍ സെക്രട്ടറി ഗുരുദാസ് കാമത്തും രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ആദ്യമായി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ മത്സരിച്ച ആം ആദ്മി പാര്‍ട്ടി സംസ്ഥാനഭരണത്തിന്റെ ആനുകൂല്യം ഉണ്ടായിട്ടും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ‌അന്പതില്‍ താഴെ മാത്രം സീറ്റുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞ എഎപിക്ക് കോണ്‍ഗ്രസിന് മുകളില്‍ എത്താന്‍ കഴിഞ്ഞുവെന്നത് മാത്രമാണ് ആശ്വാസം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News