തര്‍ക്കം തീരാതെ കെജ്‍രിവാളും ഗവര്‍ണ്ണറും

സേവന വകുപ്പിന്റെ അധികാരം തനിക്കാണെന്ന് കൂടിക്കാഴ്ചയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അറിയിച്ചതായി കെജ്‍രിവാള്‍ വ്യക്തമാക്കി. ഫയലുകള്‍ അംഗീകാരത്തിനായി അയക്കേണ്ടെന്ന് ഗവര്‍ണര്‍ സമ്മതിച്ചതായി കെജ്രിവാള്‍..

Update: 2018-07-06 13:34 GMT

ഡല്‍ഹി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കത്തിന് പരിഹാരമായില്ല. സേവന വകുപ്പിന്റെ അധികാരം തനിക്ക് തന്നെയാണെന്ന് കൂടിക്കാഴ്ചയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അറിയിച്ചതായി കെജ്‍രിവാള്‍ വ്യക്തമാക്കി. അതേസമയം ഫയലുകള്‍ തന്റെ അംഗീകാരത്തിനായി അയക്കേണ്ടെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ സമ്മതിച്ചതായും കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെജ്‍രിവാള്‍ പറഞ്ഞു.

സേവന വകുപ്പിന്റെ അധികാരത്തിലാണ് ലെഫ്റ്റനന്റും ഗവര്‍ണറും ഡല്‍ഹിയിലെ സര്‍ക്കാരും തമ്മില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. സേവന വകുപ്പിന്റെ അധികാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് നിലനില്‍ക്കുന്നുവെന്നാണ് അനില്‍ ബൈജാലിന്റെ വാദം. കൂടിക്കാഴ്ചയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഈ നിലപാട് ആവര്‍ത്തിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു. ഇത് ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതി ഉത്തരവ് തള്ളുന്നതെന്നും കെജ്‍രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertising
Advertising

എന്നാല്‍ ഫയലുകള്‍ തന്റെ അംഗീകാരത്തിനായി അയക്കേണ്ടെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ സമ്മതിച്ചതായും കെജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അനുമതി ലഭിക്കാതിരിക്കുന്ന ഫയലുകള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ ഇത് ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ വീട്ടുപടിക്കല്‍ എത്തുന്ന പദ്ധതിയും സിസിടിവി സ്ഥാപിക്കുന്നതുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം കൂടിക്കാഴ്ചക്ക് ശേഷം ഡല്‍ഹിയിലെ നല്ല ഭരണത്തിനായി സര്‍ക്കാരിനുള്ള പിന്തുണയും സഹകരണവും തുടരുമെന്നായിരുന്നു ലെഫ്റ്റനന്റ് ഗവര്‍ണറുടെ ട്വീറ്റ്.

Tags:    

Similar News