പശ്ചിമ ബംഗാളില്‍ പൌരത്വ രജിസ്ട്രേഷന് ശ്രമിച്ചാല്‍ ആഭ്യന്തര യുദ്ധമുണ്ടാകുമെന്ന് മമത ബാനര്‍ജി

ഇന്ന് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി മമത കൂടിക്കാഴ്ച നടത്തും.

Update: 2018-08-01 05:01 GMT

അസം പൌരത്വ രജിസ്റ്റര്‍ അടക്കമുള്ള വിഷയങ്ങളില്‍ സര്‍‌ക്കാരിനെതിരെ നീക്കം ഊര്‍ജ്ജിതമാക്കി തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി. ഇന്ന് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി മമത കൂടിക്കാഴ്ച നടത്തും. അതിനിടെ കരട് പൌരത്വ പട്ടികയില്‍ പുറത്താക്കപ്പെട്ടെന്ന് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ കുടുംബാംഗം വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മമത ബാനര്‍ജി അസം പൌരത്വ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പശ്ചിമ ബംഗാളില്‍ പൌരത്വ രജിസ്ട്രേഷന് ശ്രമിച്ചാല്‍ ആഭ്യന്തര യുദ്ധമുണ്ടാകുമെന്നാണ് രാജ്നാഥ് സിംഗിന് മമത നല്‍കിയ മുന്നറിയിപ്പ്. പിന്നാലെ എന്‍.സി.പി നേതാവ് ശരത് പവാറിനെയും മമതകണ്ടു. ശേഷമാണ് ഇന്ന് യു പി എ അധ്യക്ഷ സോണിയാ ഗന്ധിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചത്. അതിര്‍ത്തി കടന്നുളള നുഴഞ്ഞ് കയറ്റത്തെയാണ് മമത ബാനര്‍‌ജി പിന്തുണക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. അതിനിടെ അസമിലെ കരട് പൌരത്വ രജിസ്റ്ററിന്റെ പാളിച്ചകള്‍ വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലിയുടെ സഹോദര പുത്രന്‍ സിയാഉദ്ദീന്‍ അലി അഹമ്മദ കരട് പട്ടികയില്‍ ഇടം നേടിയില്ല. ഒരു കുടുംബത്തിലെ ചിലര്‍ കരട് പട്ടികയില്‍ ഇടം നേടുകയും മറ്റു ചിരലര്‍ പുറത്താക്കപ്പെടുകയും ചെയ്ത ഉദാഹരണങ്ങളും ഏറെയുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് ഇന്നലെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

Tags:    

Similar News