ചീഫ് ജസ്റ്റിസില്‍ പോലും വിശ്വാസമില്ലാത്തവരാണ് പ്രതിപക്ഷമെന്ന് മോദി
സര്‍ക്കാറിനെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന മറുപടികളുമായാണ് പ്രധാനമന്ത്രിയുടെ അഭിമുഖം.
ചീഫ് ജസ്റ്റിസില്‍ വിശ്വാസമില്ലാത്ത പ്രതിപക്ഷമാണ് അസം പൌരത്വ രജിസ്റ്ററിനെ എതിര്‍ക്കുന്നതെന്ന് പ്രധാനമന്ത്രി. ദേശ താല്‍പര്യം അട്ടിമറിക്കാനാണ് റഫേല്‍ ഇടപാടിനെതിരെ പ്രതിപക്ഷം പ്രചാരണം നടത്തുന്നത്. പ്രതിപക്ഷ ഐക്യം പരാജയപ്പെട്ട ആശയമാണെന്നും ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സര്‍ക്കാറിനെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന മറുപടികളുമായാണ് പ്രധാനമന്ത്രിയുടെ അഭിമുഖം. പ്രതിപക്ഷ ഐക്യനിര തന്നെ തകരുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രൂപീകരിച്ച പ്രതിപക്ഷ ഐക്യനിരയുടെ ലക്ഷ്യം ഭരണം മാത്രമാണ്. തെരഞ്ഞെടുപ്പിന് മുമ്പാണോ ശേഷമാണോ അത് തകരുക എന്നുമാത്രമേ കാണാനുള്ളു.
ചീഫ് ജസ്റ്റിസില്‍ പോലും വിശ്വാസമില്ലാത്തവരാണ് പ്രതിപക്ഷം. അതുകൊണ്ടാണ് സുപ്രീം കോടതി മേല്‍നോട്ടം നല്‍കുന്ന പൗരത്വ രജിസ്റ്ററിനെ എതിര്‍ക്കുന്നത്. പൗരത്വ രജിസ്റ്റര്‍ ദേശതാല്‍പര്യത്തിനാണ്. അതില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ല.
ആള്‍ക്കൂട്ടകൊലപാതകങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ആര്, എന്ത് ലക്ഷ്യം വച്ച് നടത്തിയാലും കുറ്റമാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയം മറന്ന് ഒന്നിച്ചുനില്‍ക്കണം. റാഫേല്‍ ഇടപാട് സുതാര്യമാണ്. മറിച്ചുള്ള പ്രതിപക്ഷ പ്രചാരണങ്ങള്‍ ദേശ താല്‍പര്യത്തിന് വിരുദ്ധമാണ്.
രാഹുല്‍ ഗാന്ധിയുടെ ആലിംഗനം കുട്ടിത്തത്തിന്റെ ഭാഗമാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. കണ്ണിറുക്കുന്ന ദൃശ്യം കണ്ടാല്‍ ഇക്കാര്യത്തില്‍ ഉത്തരം ലഭിക്കുമെന്നും പ്രധാനമന്ത്രി പരിഹസിച്ചു.