ആണവ പരീക്ഷണവും കാര്‍ഗില്‍ യുദ്ധവും വിമാന റാഞ്ചലും... വാജ്പേയിയുടെ സംഭവബഹുലമായ ഭരണകാലം

ഓപ്പറേഷന്‍ ശക്തി എന്ന രഹസ്യനാമത്തില്‍ നടന്ന പരീക്ഷണങ്ങള്‍ വിവിധ അന്താരാഷ്ട ചാരസംഘടനകള്‍ക്കോ, ഉപഗ്രഹങ്ങള്‍ക്കോ കണ്ടുപിടിക്കാന്‍ ക‍ഴിഞ്ഞിരുന്നില്ല.

Update: 2018-08-16 12:58 GMT
Advertising

രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സംഭവബഹുലമായിരുന്നു അടല്‍ ബിഹാരി വാജ്പേയി എന്ന നേതാവിന്റെ ഭരണകാലം.

ആണവ പരീക്ഷണം

1998 മെയ് മാസത്തില്‍ രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയില്‍ ഇന്ത്യ രണ്ടാം ആണവ പരീക്ഷണം നടത്തി. ഓപ്പറേഷന്‍ ശക്തി എന്ന രഹസ്യനാമത്തില്‍ നടന്ന പരീക്ഷണങ്ങള്‍ വിവിധ അന്താരാഷ്ട ചാരസംഘടനകള്‍ക്കോ, ഉപഗ്രഹങ്ങള്‍ക്കോ കണ്ടുപിടിക്കാന്‍ ക‍ഴിഞ്ഞിരുന്നില്ല. ഇതോടെ ഇന്ത്യയും സ്വയം ആണവായുധമുണ്ടാക്കുന്ന രാജ്യങ്ങളുടെ ഗണത്തിലേക്കുയര്‍ന്നു.

പരീക്ഷണത്തെ തുടര്‍ന്ന് അമേരിക്കയുടെ നേതൃത്വത്തില്‍ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ നയതന്ത്രബന്ധം കൊണ്ടും, രാഷ്ട്രീയ ഇച്ഛാശക്തികൊണ്ടും മറികടക്കാനായത് വാജ്പേയിയുടെ മികവ് ഒന്നുകൊണ്ട് മാത്രമായിരുന്നു. എങ്കിലും ഇന്ത്യ ആണവായുധം പരീക്ഷിച്ചു, രണ്ടു ദിവസം ക‍ഴിഞ്ഞപ്പോള്‍ പാകിസ്താനും ആണവപരീക്ഷണം നടത്തിയത് മേഖലയിലെ സമാധനത്തിനു വെല്ലുവിളിയായി.

ഡല്‍ഹി-ലാഹോര്‍ ബസ് സര്‍വീസ്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വാജ്പേയി മുന്‍കൈയെടുത്തു തുടങ്ങിയതാണ് ഡല്‍ഹി-ലാഹോര്‍ ബസ് സര്‍വീസ്. 1999 ഫെബ്രുവരിയില്‍ (20-21) പാകിസ്താനിലേക്ക്‌ ഉദ്ഘാടന യാത്ര നടത്തി. അന്നത്തെ പാകിസ്താന്‍ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫുമായി നടത്തിയ കൂടിക്കാ‍ഴ്ച്ചകള്‍ക്ക്‌ ശേഷമായിരുന്നു സുപ്രധാന ലാഹോര്‍ കരാറില്‍ ഒപ്പുവെച്ചത്.

കാര്‍ഗില്‍ യുദ്ധം

കശ്മീരിലെ കാര്‍ഗില്‍ പ്രദശത്ത് പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായ നു‍ഴഞ്ഞ് കയറ്റത്തെ തുടര്‍ന്ന് 1999 മെയ് മുതല്‍ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ കാര്‍ഗില്‍ യുദ്ധം വാജ്പേയി നേരിട്ട സുപ്രധാന വെല്ലുവിളിയായിരുന്നു. ഒരു ത‍ഴക്കം വന്ന രാഷ്ട്രതന്ത്രജ്ഞന്റെ കൈയടക്കത്തോടെ വാജ്പേയി ഈ വിഷയം കൈകാര്യം ചെയ്തത് കൊണ്ടാണ് ഇന്ത്യയ്ക്ക്‌ നയതന്ത്രപരമായും, സായുധമായും കാര്‍ഗില്‍ യുദ്ധം വിജയിക്കാനായത്.

വിമാന റാഞ്ചല്‍

1999 ഡിസംബറില്‍ കാഠ്മണ്ഡൂവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക്‌ വരികയായിരുന്ന IC 814 എന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം പാകിസ്താന്‍ തീവ്രവാദികള്‍ റാഞ്ചിയപ്പോള്‍ ബന്ദികളെ രക്ഷിക്കുന്നതിന് വേണ്ടി പ്രതിപക്ഷത്തിന്റെയും പൊതുജനങ്ങളുടെയും കടുത്ത എതിര്‍പ്പിനെ അവഗണിച്ചു മൂന്നു തീവ്രവാദികളെ വിട്ടയക്കാന്‍ തിരുമാനിച്ചത് വാജ്പേയിയുടെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമായിരുന്നു.

Tags:    

Similar News