‘മലയാളി ആയതില്‍ അഭിമാനിക്കുന്നു’; അര്‍ണബിന് ശശി തരൂരിന്റെ ‘കൊട്ട്’ 

Update: 2018-08-26 15:10 GMT

മലയാളികളെ അപമാനിച്ച റിപബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ ‘കൊട്ടി’ ശശി തരൂര്‍ എം.പി. നാണമില്ലാത്തവരെന്ന് മലയാളികളെ വിളിച്ച അര്‍ണബിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് ശശി തരൂരും അദ്ദേഹത്തിനെതിരെ രംഗത്തുവരുന്നത്. ഇതിന് മുമ്പും അര്‍ണബിനെതിരെ ശശി തരൂര്‍ രംഗത്തുവന്നിരുന്നു.

ചില വില കുറഞ്ഞ മനസുകളാണ് മലയാളികള്‍ക്കെതിരെ അപമാനകരമായ പ്രസ്താവനകള്‍ നടത്തുന്നത്, നമുക്ക് വേണ്ടി നമ്മൊളന്നായി നിലകൊള്ളേണ്ട സമയമിതാണെന്നും നമ്മള്‍ എന്തുകൊണ്ട് അഭിമാനമുള്ള മലയാളിയായെന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും തരൂര്‍ പങ്കുവെക്കുന്നു. മലയാളിയായതില്‍ അഭിമാനിക്കുന്നു എന്ന് ഹാഷ്ടാഗോടെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ് അവസാനിക്കുന്നത്.

Advertising
Advertising

അര്‍ണബിനെതിരെയും റിപബ്ലിക്ക് ടിവിക്കെതിരെയും ശശിതരൂരിന്റെ നേരത്തെയുള്ള വിമര്‍ശം ശ്രദ്ധേയമായിരുന്നു. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് റിപബ്ലിക് ടിവി തരൂരിനെ നിരന്തരം വേട്ടയാടിയിരുന്നു. തരൂരിന്റെ ഏറെ ചര്‍ച്ചയായ ഫരാഗോ ട്വീറ്റ് ഇതുമായി ബന്ധപ്പെട്ടായിരുന്നു. അര്‍ണബിനെതിരെ ഇതും ചിലരിപ്പോള്‍ പ്രചരിപ്പിക്കുന്നുണ്ട്. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നാണംകെട്ട ജനതയാണ് മലയാളികളെന്നായിരുന്നു റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ പരാമര്‍ശം

രൂക്ഷ പ്രതികരണവുമായാണ് മലയാളികള്‍ രംഗത്ത് എത്തിയത്. റിപബ്ലിക് ടിവിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ മലയാളികളുടെ പ്രതിഷേധം നിറയുകയാണ്. റിപബ്ലിക് ടിവിയില്‍ നടത്തിയ ചര്‍ച്ചക്കിടെയാണ് അര്‍ണബ് മലയാളികളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയത്. പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തിനുള്ള യു.എ.ഇയുടെ സഹായ വാഗ്ദാനം സംബന്ധിച്ച ചര്‍ച്ചക്കിടെയായിരുന്നു പരാമര്‍ശം. മലയാളികള്‍ നുണ പ്രചരിപ്പിക്കുകയാണ്. സ്വന്തം രാജ്യത്തെ അപമാനിക്കുന്നതില്‍ അവര്‍ക്ക് പണം ലഭിക്കുന്നുണ്ടോ? രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും അര്‍ണബ് ചര്‍ച്ചക്കിടെ ആരോപിച്ചു.

Tags:    

Similar News