‘മുസ്‍ലിംകള്‍ക്ക് നമസ്കാരത്തിന് പള്ളി അനിവാര്യമല്ല’ എന്താണ് 1994ലെ ഇസ്മാഈല്‍ ഫറൂഖി കേസ്?

മുസ്‍ലിംകള്‍ക്ക് നമസ്കാരം എവിടെ വെച്ചും നിര്‍വഹിക്കാമെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഇന്ത്യൻ ഭരണഘടനയിലെ വ്യവസ്ഥകൾ പ്രകാരം ഭൂമി ഏറ്റെടുക്കല്‍ തടയാനാവില്ലെന്നായിരുന്നു കോടതി വിധി.

Update: 2018-09-27 12:21 GMT

ബാബരി മസ്ജിദിന് സമീപത്തെ 67.703 ഏക്കർ ഭൂമി സര്‍‌ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു 1994ലെ ഇസ്‌മാഈൽ ഫറൂഖി കേസ്. ഇതിനെതിരെ 1993ലെ അയോധ്യ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് ഡോ. ഇസ്‌മാഈൽ ഫറൂഖി കോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ എം.എൻ. വെങ്കടാചലം, എ.എം. അഹ്‍മദി, ജെ. എസ്. വെർമ, ജി.എൻ. റേയ്, എസ്.പി. ഭരുച എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ചായിരുന്നു ഫറൂഖി കേസ് പരിഗണിച്ചിരുന്നത്. 1994ല്‍ നടന്ന വിധി പ്രസ്താവത്തില്‍ ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും ഭൂമി ഏറ്റെടുക്കൽ ശരിവെച്ചു.

മുസ്‍ലിംകള്‍ക്ക് നമസ്കാരത്തിന് പള്ളി അനിവാര്യമല്ലെന്നും, നമസ്കാരം എവിടെ വെച്ചും നിര്‍വഹിക്കാമെന്നും കോടതി നിരീക്ഷിച്ചു. ഇസ്‍ലാം മതവിശ്വാസപ്രകാരം മുസ്‍ലിം സമുദായത്തിന്റെ ആരാധനകള്‍ക്ക് പള്ളി ഒരു അനിവാര്യ ഘടകമല്ല. മുസ്‍ലിംകള്‍ക്ക് തുറന്ന സ്ഥലത്ത് വെച്ച് പോലും നമസ്കരിക്കാം. അതുകൊണ്ടുതന്നെ ഇന്ത്യൻ ഭരണഘടനയിലെ വ്യവസ്ഥകൾ പ്രകാരം ഭൂമി ഏറ്റെടുക്കല്‍ തടയാനാവില്ലെന്നുമായിരുന്നു കോടതി വിധി.

Advertising
Advertising

1994ലെ ഈ വിധി ഏഴംഗ ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കണം എന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ഹരജിയിലാണ് ഇന്നത്തെ കോടതി വിധി‌. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു കേസ് പുനഃപരിശോധിച്ചത്. 1994ലെ വിധി ശരിവെച്ച കോടതി ബാബരി മസ്ജിദ് അനുബന്ധ കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിടില്ലെന്ന് വ്യക്തമാക്കി. അതേസമയം അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കം സംബന്ധിച്ച ബാബരി കേസിനെ ഈ വിധി ബാധിക്കില്ലെന്നും കോടതി അറിയിച്ചു.

എന്നാല്‍ ദീപക് മിശ്രയുടെയും അശോക് ഭൂഷന്റെയും വിധിയോട് ജസ്റ്റിസ്‍ എസ് അബ്ദുല്‍ നസീര്‍ വിയോജിച്ചു. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്നും ജസ്റ്റിസ്‍ അബ്ദുല്‍ നസീര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News