അഗര്‍വാളിന് പിന്‍ഗാമിയായി ഗോപാല്‍ദാസ് ; ലക്ഷ്യം ഗംഗയുടെ സംരക്ഷണം

36 വയസുകാരനായ ജൈന സന്യാസി ഗോപാല്‍ദാസ് കഴിഞ്ഞ ജൂണ്‍ 24 മുതല്‍ നിരാഹാരത്തിലായിരുന്നു

Update: 2018-10-15 09:29 GMT

പുണ്യനദിയായ ഗംഗയെ കോര്‍പ്പറേറ്റുകളില്‍ നിന്നും, പ്രകൃതി ചൂഷകരില്‍ നിന്നും സംരക്ഷിക്കുക എന്ന ഉദ്ദേശത്തില്‍ 111 ദിവസം നിരാഹാരമിരുന്ന പ്രമുഖപരിസ്ഥിതി പ്രവർത്തകൻ സ്വാമി ജ്ഞാനസ്വരൂപാനന്ദ എന്ന ജി.ഡി അഗര്‍വാള്‍ ഒടുവില്‍ ഉപവാസത്തിലിരിക്കെ മരണപ്പെട്ടു. അദ്ദേഹം ജീവിച്ചിരിക്കെ ഈ വര്‍ഷം മാത്രം പ്രധാനമന്ത്രിക്ക് മൂന്ന് തവണ വിഷയത്തെ കുറിച്ച് കത്തയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. പക്ഷെ മരിച്ചതിന് ശേഷം ട്വിറ്ററില്‍ ആദരാഞ്ജലികളെത്തി.

അഗര്‍വാളിന്‍റെ മരണത്തെ തുടര്‍ന്ന് പുതിയൊരു പോരാളി കൂടി ഗംഗയുടെ സംരക്ഷണത്തിനായി മുഖ്യധാരയിലെത്തി. 36 വയസുകാരനായ ജൈന സന്യാസി ഗോപാല്‍ദാസ്. കഴിഞ്ഞ ജൂണ്‍ 24 മുതല്‍ ഇദ്ദേഹവും നിരാഹാരത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ആരോഗ്യം വഷളായതിനെതുടര്‍ന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് ദിവസമായി വെള്ളം പോലും കുടിക്കാതിരുന്ന ഗോപാല്‍ദാസിന്‍റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും നിര്‍ജലീകരണവും ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ മരുന്ന്, പഴച്ചാറ് എന്നിവ നല്‍കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

ഋഷികേശിലെ ത്രിവേണി കടവിലാണ് ഇതുവരെ ഗോപാല്‍ദാസ് നിരാഹാരമിരുന്നിരുന്നത്. അഗര്‍വാളിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഇനി മുതല്‍ അദ്ദേഹം നിരാഹാരമിരുന്നിരുന്ന മാത്രി സദനിലായിരിക്കും നിരാഹാരമിരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News