സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ ചുമതലകളില്‍ നിന്ന് നീക്കി

സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാഗേഷ് അസ്താനയെയും ചുമതലകളില്‍ നിന്ന് നീക്കിയിട്ടുണ്ട്

Update: 2018-10-24 02:26 GMT

സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ ചുമതലകളില്‍ നിന്ന് നീക്കി. ലീവെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്‍ നാഗേശ്വര റാവുവിന് താത്ക്കാലിക ചുമതല നല്‍കി. സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാഗേഷ് അസ്താനയെയും ചുമതലകളില്‍ നിന്ന് നീക്കിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ലീവെടുക്കാനാണ് നിര്‍ദേശം. സിബിഐയിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്നാണ് നിര്‍‍ദേശം.

സിബിഐ ഡയറക്ടര്‍ രാഗേഷ് അസ്താനയുടെ ഡല്‍ഹി ഹൈക്കോടതിയിലെ ഹരജിയോടെ രാജ്യത്തെ ഏറ്റവും വലിയ നിയമ ഏജന്‍സി പരസ്യ നിയമയുദ്ധത്തിലേക്ക് നീങ്ങിയിരിക്കുയായിരുന്നു. ഒരു വര്‍ഷമായി തുടരുന്ന ആഭ്യന്തര കലഹം കോടതിയിലെത്തിയതോടെ തകരുന്നത് സിബിഐയുടെ വിശ്വാസ്യത കൂടിയാണ്. വിഷയത്തിലെ സര്‍ക്കാര്‍ നിലപാടും രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

Advertising
Advertising

അഴിമതി ആരോപണവിധേയനായ രാഗേഷ് അസ്താനയെ സ്പെഷ്യല്‍ സി.ബി.ഐ ഡയറക്ടറായി നിയമിക്കുന്നതിനെതിരെ തലവന്‍ അലോക് വര്‍മ്മ എതിര്‍പ്പറിയിച്ചതോടെ കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ചതാണ് സി.ബി.ഐയിലെ കലഹം. പിന്നീടുനീളം അത് രൂക്ഷമായിക്കൊണ്ടിരുന്നു.

മോയിന്‍ ഖുറേഷി ഉള്‍പ്പെട്ട കള്ളപ്പണ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങിയെന്ന ആരോപണത്തെ തുടര്‍ന്ന് സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ തര്‍ക്കം പാരമ്യത്തിലെത്തി.

പ്രധാനമന്ത്രി വിളിപ്പിച്ചതോടെ അവസാനിക്കുമെന്ന് കരുതിയ കലഹം അസ്താനയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അലോക് വര്‍മ്മ സര്‍ക്കാരിന് കത്തയച്ചതോടെ മറ്റൊരു പാതയിലേക്ക് തിരിഞ്ഞു.

തുടര്‍ന്നാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതിനെതിരെ അസ്താന ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച്ചവരെ അസ്താനയെ അറസ്റ്റു ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ അലോക് വര്‍മ്മയോട് ആവശ്യപ്പെട്ടു. ഇതേ കേസില്‍ അറസ്റ്റിലായ സി.ബി.ഐ ഡെപ്യൂട്ടി എസ്.പി ദേവേന്ദ്ര കുമാറിനെ കോടതി 7 ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.

ദേവേന്ദ്രകുമാറിനെ ജോലിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.. അസ്താനയെ സിബിഐ സ്പെഷല്‍ ഡയറക്ടര്‍ ചുമതലകളില്‍ നിന്നും മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. മോദി സി.ബി.ഐയെ തകര്‍ക്കുന്നു എന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷവും രംഗത്തുണ്ട്.

Tags:    

Similar News