ശബരിമലയിലെ സ്ത്രീപ്രവേശനം: രാഹുലിനെ പിന്തുണച്ച് എ.ഐ.സി.സി

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് എ.ഐ.സി.സി.

Update: 2018-10-30 13:48 GMT

ശബരിമലയിലെ യുവതീപ്രവേശനത്തില്‍ കെ.പി.സി.സിയെ വെട്ടിലാക്കി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. സുപ്രീംകോടതി വിധിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും എ.ഐ.സി.സിയും രംഗത്തുവന്നു. അതേസമയം കേരളത്തിലെ ജനങ്ങളുടെ വികാരമാണ് കെ.പി.സി.സിയുടെ നിലപാടിന് അടിസ്ഥാനമെന്നും രാഹുല്‍ വ്യക്തമാക്കി.

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളുമായി സംവദിക്കുമ്പോഴാണ് ശബരിമലയില്‍ രാഹുല്‍ഗാന്ധി നിലപാട് പരസ്യമാക്കിയത്. സ്ത്രീയും പുരുഷനും തുല്യരാണ്. പുരുഷന്മര്‍ പോകുന്നിടത്തൊക്കെ സ്ത്രീക്കും പോകാം. വ്യക്തിപരമായ നിലപാട് ഇതാണെങ്കിലും ഏറെ വൈകാരികമായ ഒരു പ്രശ്നത്തില്‍ ജനവികാരത്തിനൊപ്പം നില്‍ക്കാനേ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ക്കാവൂ. കേരളത്തിലെ സ്ത്രീകളില്‍ നല്ലൊരു വിഭാഗവും കോടതി വിധിക്കെതിരാണെന്നും രാഹുല്‍ ഗാന്ധി പറയുന്നു. രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പമെന്ന് എ.ഐ.സി.സിയും വ്യക്തമാക്കി.

സുപ്രീംകോടതി വിധി നടപ്പാക്കാനൊരുങ്ങിയ സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന കെ.പി.സി.സി ഇതോടെ വെട്ടിലായി. കോടതി വിധിക്കും മുന്‍പുള്ളതാണ് യു.ഡി.എഫിന്റെ നിലപാടെന്നും കേരളത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ രാഹുല്‍ അനുമതി നല്‍കിയിട്ടുണ്ടെന്നുമാണ് ചെന്നിത്തലയുടെ പ്രതികരണം. കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന് ഇറങ്ങാത്തതിന് പിന്നില്‍ രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ നിലപാട് തന്നെയാണെന്നാണ് ഇതോടെ വ്യക്തമാവുന്നത്.

Tags:    

Similar News