“സമവായമുണ്ടായില്ലെങ്കില്‍ വേറെ പോംവഴികളുണ്ട്”; ബാബരി കേസ് മാറ്റിയതില്‍ യോഗിക്ക് അതൃപ്തി  

വൈകി ലഭിക്കുന്ന നീതി നീതിനിഷേധം ആണെന്നായിരുന്നു യോഗിയുടെ പ്രതികരണം

Update: 2018-10-30 16:49 GMT

ബാബരി മസ്ജിദ് കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത് നീട്ടിവെച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വൈകി ലഭിക്കുന്ന നീതി നീതിനിഷേധം ആണെന്നായിരുന്നു യോഗിയുടെ പ്രതികരണം. സമവായത്തിലൂടെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വേറെ പോംവഴികളുണ്ടെന്നും യോഗി പറഞ്ഞു.

ക്രമസമാധാനം ഉറപ്പുവരുത്തേണ്ടത് സംസ്ഥാനത്തിന്‍റെ ചുമതലയായതിനാല്‍ എത്രയും പെട്ടെന്ന് അയോധ്യ വിഷയം പരിഹരിക്കണമെന്ന് യോഗി ആവശ്യപ്പെട്ടു. സമവായത്തിലൂടെ പരിഹരിക്കുന്നതാണ് നല്ലത്. അത് സാധ്യമായില്ലെങ്കില്‍ വേറെ വഴിയുണ്ടെന്ന് പറഞ്ഞ യോഗി, എന്താണ് പരിഹാരമെന്ന് വ്യക്തമാക്കിയില്ല.

Advertising
Advertising

അതേസമയം താന്‍ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നുവെന്നും യോഗി വ്യക്തമാക്കി. ജനങ്ങള്‍ ശാന്തരായി ഇരിക്കണം. ഈ വിഷയത്തില്‍ സന്യാസിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ക്ഷമ നശിക്കുന്നത് മനസ്സിലാക്കുന്നുവെന്നും യോഗി പറഞ്ഞു.

ബാബരി മസ്ജിദ് ഭൂമി അവകാശ കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്കാണ് മാറ്റിയത്. ഇതോടെ കേസില്‍ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് വിധിയുണ്ടാകാനുള്ള സാധ്യത മങ്ങി. തെരഞ്ഞെടുപ്പില്‍ വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താമെന്ന ബി.ജെ.പി മോഹത്തിന് തിരിച്ചടിയാണ് സുപ്രീം കോടതി തീരുമാനം. ഇതോടെയാണ് അതൃപ്തി രേഖപ്പെടുത്തി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ രംഗത്തെത്തിയത്.

Tags:    

Similar News