നോട്ട് നിരോധം: കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളെ ആര്‍.ബി.ഐ തള്ളിയിരുന്നതായി റിപ്പോര്‍ട്ട്

Update: 2018-11-10 13:54 GMT

നോട്ട് നിരോധനത്തിനായി സര്‍ക്കാര്‍ മുന്നോട്ട് വച്ച കാരണങ്ങളെ റിസര്‍വബാങ്ക് തള്ളിയിരുന്നതായി റിപ്പോര്‍ട്ട്. നോട്ട് നിരോധനത്തെ പിന്തുണച്ചുവെങ്കിലും നോട്ട് നിരോധിക്കുന്നത് വഴി കള്ളപ്പണവും കള്ളനോട്ടും തടയാനാകില്ലെന്നായിരുന്നു റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തിന് മുമ്പ് എടുത്തിരുന്ന നിലപാട്.

നോട്ട് നിരോധനത്തിലൂടെ കള്ളപ്പണവും കള്ളനോട്ടും തടയാമെന്നായിരുന്നു 2016 നവംബര്‍ എട്ടിലെ പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടന്ന റിസര്‍വ്ബാങ്ക് ബോര്‍ഡ് യോഗം ഇത് തള്ളിയിരുന്നു. പ്രഖ്യാപന ദിവസം വൈകിട്ട് 5.30നാണ് അടിയന്തര റിസര്‍വ്ബാങ്ക് ബോര്‍ഡ‍് യോഗം ചേര്‍ന്നത്. യോഗം നോട്ട് നിരോധനത്തെ പിന്തുണച്ചുവെങ്കിലും ഇതിലൂടെ കള്ളപണവും കള്ളനോട്ടും തടയാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നുവെന്നത് ഇപ്പോള്‍ പുറത്ത് വന്ന യോഗത്തിന്‍റെ മിനിട്സിലൂടെയാണ് പുറത്തറിഞ്ഞത്.

Advertising
Advertising

സര്‍ക്കാരും റിസര്‍വ് ബാങ്കും ആറ് മാസം നോട്ട് നിരോധനം സംബന്ധിച്ച് ചര്‍ച്ച ചെയ്തശേഷമാണ് ഇക്കാര്യം നടപ്പിലാക്കിയതെന്നും മിനിട്സിലുണ്ട്. കള്ളപണം പൊതുവെ സൂക്ഷികുന്നത് വസ്തുവിലും സ്വര്‍ണ്ണത്തിലുമാണ് കറന്‍സിയില്‍ സൂക്ഷിക്കുന്നത് വളരെ കുറവായിരിക്കും. വിപണിയില്‍ ഉണ്ടെന്ന് സര്‍ക്കാര്‍ പറയുന്ന ആയിരം, അഞ്ഞൂറ് നോട്ടുകളിലുള്ള 400 കോടിരൂപയുടെ കള്ളപണം മൊത്തതിലുള്ള കള്ളപണവും താരതമ്യം ചെയ്യുമ്പോള്‍ തുച്ഛമാണെന്നും റിസര്‍വ്ബാങ്ക് നിലപാടില്‍ അറിയിച്ചിരുന്നു.

നോട്ടു നിരോധനം പെട്ടെന്ന് നടപ്പാക്കുന്നത് വഴി വിവിധ മേഖലകളെ ബാധിക്കുമെന്നും ആര്‍.ബി.ഐ മുന്നറിയിപ്പ് നല്‍കി. നോട്ട് നിരോധനത്തിന് ശേഷം വിതരണത്തിലുണ്ടായിരുന്ന 99.30 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി അടുത്തിടെ റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയിരുന്നു.

Tags:    

Similar News