ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ പെട്ടെന്ന് പ്രചരിക്കുന്നുവെന്ന് ബിബിസിയുടെ പഠനം

ട്വിറ്ററും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണക്കുന്ന മറ്റു നെറ്റ്‌വര്‍ക്കുകളുമാണ് വ്യാജ വാര്‍ത്തകളുടെ മുഖ്യസ്രോതസ്സ് എന്നും ഗവേഷണം

Update: 2018-11-13 07:08 GMT
Advertising

ഇന്ത്യയില്‍ സാധാരണക്കാര്‍ക്കിടയില്‍ വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് ബി.ബി.സി. ദേശീയത പ്രകടിപ്പിക്കാനുള്ള ആവേശത്തില്‍, ഒന്ന് പരിശോധിക്കുക പോലും ചെയ്യാതെ ജനങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പങ്കുവെക്കുകയാണെന്നും ബി.ബി.സിയുടെ പഠനത്തില്‍ പറയുന്നു.

സാധാരണക്കാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ എങ്ങനെ പങ്കാളികളാകുന്നുവെന്നും തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും എങ്ങനെ ജനങ്ങളെ ബാധിക്കുമെന്നും കണ്ടെത്താൻ, ബിബിസി വേള്‍ഡ് സര്‍വീസ് ബിയോണ്ട് ഫെയ്ക്ക് ന്യൂസ് എന്ന പേരില്‍ നടത്തുന്ന ഗവേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്.

ദേശീയതയെന്ന ആവേശത്തില്‍ വസ്തുതകള്‍ പരിശോധിക്കാതെയാണ് രാജ്യത്ത് വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നത്. ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ നെറ്റ്‍വര്‍ക്കുകള്‍ ദേശീയതക്ക് ഊന്നല്‍ നല്‍കുന്നതെന്ന വ്യാജേന കൃത്രിമമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കേണ്ടത് തങ്ങളുടെ ധര്‍മമാണെന്നാണ് സാധാരണക്കാര്‍ വിശ്വസിച്ചിരിക്കുന്നത്. എന്നാല്‍, ഇത്തരം വാര്‍ത്തകളെ പ്രതിരോധിക്കേണ്ട ഇടതുപക്ഷ നെറ്റ്‍വര്‍ക്കുകള്‍ ദുര്‍ബലമാണെന്ന് സമൂഹ മാധ്യമങ്ങളെ കുറിച്ച് നടത്തിയ ഈ പഠനം പറയുന്നു.

Full View

16,000 ട്വിറ്റര്‍ അക്കൌണ്ടുകളും 3,200 ഫേസ്ബുക്ക് പേജുകളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ട്വിറ്ററും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണക്കുന്ന മറ്റു നെറ്റ്‌വര്‍ക്കുകളുമാണ് വ്യാജ വാര്‍ത്തകളുടെ മുഖ്യസ്രോതസ്സ് എന്നും ഗവേഷണം ചൂണ്ടിക്കാട്ടുന്നു.

സാധാരണക്കാര്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ എങ്ങനെ പങ്കാളികളാകുന്നുവെന്നായിരുന്നു ബിബിസിയുടെ പഠനം. അതിലാണ് രാജ്യത്ത് വ്യാജവാര്‍ത്തകളാണ് കൂടുതലായി പ്രചരിക്കപ്പെടുന്നതെന്ന് തെളിഞ്ഞത്. ഇതോടൊപ്പം കെനിയ, നൈജീരിയ എന്നീ രാജ്യങ്ങളിലും സാധാരണക്കാര്‍ക്കിടയില്‍ ഗവേഷണം നടത്തി. കെനിയയില്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത് അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. നൈജീരിയയില്‍ ഭീകരതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കാണ് പ്രചാരം കൂടുതല്‍.

വാര്‍ത്തകളെന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാക്കുന്ന വാര്‍ത്തകളല്ല ഇത്തരത്തില്‍ പ്രചരിക്കുന്നതെന്നും ശ്രദ്ധേയമാണ്. സര്‍വേയില്‍ പങ്കെടുത്തവര്‍ അവരുടെ ഫോണുകളിലെ ഉള്ളടക്കം പരിശോധിക്കാന്‍ ഒരാഴ്ചത്തേക്ക് ബിബിസിക്ക്അനുമതി നല്‍കിയിരുന്നു. ഇങ്ങനെയാണ് ഏതുതരത്തിലുള്ള വാർത്തകളാണ് ഇവർ ഷെയര്‍ ചെയ്യുന്നതെന്നും ആര്‍ക്കാണ് ഷെയര്‍ ചെയ്യുന്നതെന്നുമൊക്കെ പരിശോധിക്കാന്‍ കഴിഞ്ഞത്.

Tags:    

Similar News