റിസര്‍വ് ബാങ്കിനെ വരുതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ തന്ത്രം

നിലവില്‍ ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ക്കുമാണ് റിസര്‍വ് ബാങ്കിന്റെ നയ രൂപീകരണത്തിനുളള പരമാധികാരം.

Update: 2018-11-17 16:09 GMT

റിസര്‍വ് ബാങ്കിനെ വരുതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ തന്ത്രം. ആര്‍.ബി.ഐ ഡയറക്ടര്‍ ബോര്‍ഡിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ചട്ട ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ഇതോടെ സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ഡയറക്ടര്‍ ബോര്‍ഡിന് ആര്‍.ബി.ഐ ഗവര്‍ണര്‍മാരുടെ മേല്‍ കൂടുതല്‍ അധികാരങ്ങള്‍ കൈവരും. നിലവില്‍ ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ക്കുമാണ് റിസര്‍വ് ബാങ്കിന്റെ നയ രൂപീകരണത്തിനുളള പരമാധികാരം.

ഉപദേശ-നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ റോള്‍. ഡയറക്ടര്‍ ബോര്‍ഡിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന നിലയില്‍ ചട്ടഭേദഗതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളും ധനകാര്യ സെക്രട്ടറിമാരും ഉള്‍പ്പെടുന്ന ഡയറക്ടര്‍ ബോര്‍ഡില്‍ ഇതോടെ സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കും. ആര്‍.ബി.ഐ ആക്ടിലെ സെക്ഷന്‍ 58 പ്രകാരം ബോര്‍ഡിന് തന്നെ ഇത്തരം ചട്ട ഭേദഗതി കൊണ്ടുവരാനാവും.

Advertising
Advertising

Full View

ഓരോ മേഖലകള്‍ തിരിച്ച് ബോര്‍ഡംഗങ്ങളുടെ പ്രത്യേക സമിതികള്‍ രൂപീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചനയുണ്ട്. ഡയറക്ടര്‍ ബോര്‍ഡിലെ ആര്‍.എസ്.എസ് പ്രതിനിധി സ്വാമിനാഥന്‍ ഗുരുമൂര്‍ത്തിയെ മുന്നില്‍ നിര്‍ത്തിയാണ് ചരടുവലികള്‍. പൊതുമേഖലാ ബാങ്കുകളുടെ വായ്പ ചട്ടം ലഘൂകരിക്കാന്‍ ആര്‍.ബി.ഐ തയ്യാറാകാത്തതാണ് കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് പണം ആവശ്യപ്പെട്ടിട്ടും ആര്‍.ബി.ഐ വഴങ്ങാത്തതും പോര് രൂക്ഷമാക്കി. തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 19ന് ഡയറക്ടര്‍ ബോര്‍ഡ് ചേരാനിരിക്കെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍ പുറത്തുവരുന്നത്. ആര്‍.ബി.ഐയുടെ അധികാരങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തുന്നതുള്‍പ്പെടെ സാമ്പത്തിക അസ്ഥിരതക്ക് കാരണമാവുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News