യു.പി.എ സര്‍ക്കാര്‍ കാലത്തെ വളര്‍ച്ചാ നിരക്ക് കുറച്ചു; നീതി ആയോഗ് കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയെന്ന് കോണ്‍ഗ്രസ്
ഉദാരീകരണത്തിന് ശേഷം ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയ 2010-11 വര്‍ഷത്തെ 10.3 ശതമാനം വളര്‍ച്ച നിരക്ക് നിലവില്‍ 8.3 ആക്കി കുറച്ചു.
പൊതുതെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി, യു.പി.എ സര്‍ക്കാര്‍ കാലത്തെ വളര്‍ച്ച നിരക്ക് പുനഃക്രമീകരിച്ച് നീതി ആയോഗ്. ഉദാരീകരണത്തിന് ശേഷം ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയ 2010-11 വര്‍ഷത്തെ 10.3 ശതമാനം വളര്‍ച്ച നിരക്ക് നിലവില്‍ 8.3 ആക്കി കുറച്ചു. നീതി ആയോഗ് കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. യു.പി.എ കാലത്തെ അവകാശ വാദങ്ങളാണ് ഇതോടെ തകര്‍ന്നിരിക്കുന്നത് എന്നായിരുന്നു ബി.ജെ.പി പ്രതികരണം.
പുതിയ വിവര പ്രകാരം കണക്കാക്കിയപ്പോളാണ് ജി.ഡി.പി നിരക്ക് കുറഞ്ഞതെന്നും കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നുമാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിന്റെ വിശദീകരണം. ഖനനം, ടെലികോം തുടങ്ങിയ മേഖലകളില്‍ പുനഃപരിശോധന നടത്തിയപ്പോള്‍ വ്യത്യാസം കണ്ടെത്തി എന്നും പറയുന്നു.
യു.പി.എ കാലത്തെ വളര്‍ച്ചാ നിരക്ക് പുനര്‍നിര്‍ണയിച്ച നീതി ആയോഗ് നടപടി മോശം തമാശയേക്കാള്‍ തരം താണതെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം പ്രതികരിച്ചു. നിശിതമായി വിമര്‍ശിക്കേണ്ട നടപടിയാണ് നീതി ആയോഗ് സ്വീകരിച്ചിരിക്കുന്നത്. നീതി ആയോഗ് വിവരങ്ങള്‍ വെച്ച് സംവാദത്തിന് തയ്യാറാകുമോ എന്നും ചിദംബരം ചോദിച്ചു. 15 വര്‍ഷത്തെ രാജ്യത്തിന്റെ വളര്‍ച്ചയെ ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമമെന്ന് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. ജനങ്ങളെ തെറ്റി ധരിപ്പിക്കാനുള്ള ശ്രമമമാണ് നീതി ആയോഗ് നടത്തുന്നതെന്നും സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു.
യു.പി.എ കാലത്തെ അവകാശവാദങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞിരിക്കുന്നു എന്ന് ബി.ജെ.പി പ്രതികരിച്ചു. ഇതിനിടെ ഇന്ത്യയുടെ നിലവിലെ സാന്പത്തിക വളര്‍ച്ചയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അസംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യന്‍ സന്പദ് വ്യവസ്ഥ യഥാര്‍ത്ഥത്തില്‍ 5-6 ലക്ഷം കോടി ഡോളറിന്റേതെങ്കിലും ആകേണ്ടതായിരുന്നു എന്ന് ബംഗലൂരുവില്‍ സെമിനാറില്‍ പങ്കെടുക്കവെ പ്രണബ് മുഖര്‍ജി പറഞ്ഞു.