അഞ്ച് വര്‍ഷത്തിനുള്ളിൽ 15000 റോഡപകട മരണങ്ങള്‍; വിമര്‍ശനവുമായി സുപ്രീം കോടതി

2013നും 2017നും ഇടയിൽ രാജ്യത്ത് 14926 പേര്‍ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട് പറയുന്നു

Update: 2018-12-07 11:47 GMT

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിൽ റോഡിന്റെ ശോചനീയാവസ്ഥ കാരണം 15000 പേരാണ് രാജ്യത്ത് മരണപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. ഇത്രയും മരണങ്ങൾക്കു കാരണം അധിക്യതരുടെ അനാസ്ഥയാണെന്നും ഇത് തീവ്രവാദികൾ അതിർത്തിയിൽ കൊന്നതിനേക്കാൾ കൂടുതലാണെന്നും ജസ്റ്റിസ് മദൻ ബി ലോകുർ നേത്യത്വം നൽകുന്ന സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.

മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രാധാക്യഷ്ണന്റെ കീഴിൽ തയ്യാറാക്കിയ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോടതി പരിശോധിക്കവെയാണ് സർക്കാറിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. 2013നും 2017നും ഇടയിൽ രാജ്യത്ത് 14926 പേര്‍ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട് പറയുന്നു. റോഡിലെ ഗർത്തങ്ങൾ കാരണമായ ഇത്രയും ഭീമമായ മരണങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. കൂടാതെ മുഴുവൻ സംസ്ഥാനങ്ങളോടും ആലോചിച്ച് ഈ റിപ്പോർട്ടിന് വിശദീകരണം നൽകാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.

Advertising
Advertising

റോഡ് സുരക്ഷിതമാക്കേണ്ടിയിരുന്ന മുൻസിപ്പാലിറ്റി, ഹൈവേ അതോറിറ്റി, സംസ്ഥാന റോഡ് ഡിപ്പാർട്മെന്റ് തുടങ്ങിയ അധികാരികള്‍ക്ക് ഈ മരണങ്ങളില്‍ ഉത്തരാവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇങ്ങനെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് യാതൊരു നഷ്ടപരിഹാരവും കൊടുത്തിട്ടില്ലെന്നും അവർ നഷ്ടപരിഹാരത്തന് അർഹരാണെന്നും കോടതി ചൂണ്ടിക്കാട്ടി. മരണ സംഖ്യ തന്നെ ഇത്രയും ഭീമമാണെങ്കിൽ പരിക്കു പറ്റിയവരുടെ എണ്ണം വളരെ കൂടുതലായിരിക്കും. എന്നാൽ അതിന്റെ യാതൊരു കണക്കും നിലവിലില്ല.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ വളരെ പ്രാധാന്യത്തോടെയാണ് കോടതി കാണുന്നതെന്ന് കോടതി പറഞ്ഞു. ജനുവരിയിലാണ് അടുത്ത വാദം കേൾക്കുന്നത്. അന്നാണ് കേന്ദ്രം ഈ റിപ്പോർട്ടിന് വിശദീകരണം നൽകേണ്ടത്.

Tags:    

Similar News