അഞ്ച് തവണ മിസോറം മുഖ്യമന്ത്രി, ഇക്കുറി മത്സരിച്ച രണ്ട് സീറ്റിലും തോറ്റു
തുടര്‍ച്ചയായി മൂന്നാം ജയം പ്രതീക്ഷിച്ചാണ് ലാല്‍ തന്‍ഹാവ്‌ലയും കോണ്‍ഗ്രസും മത്സരത്തിനിറങ്ങിയത്. പക്ഷേ ജനവിധി അദ്ദേഹത്തിനെതിരായിരുന്നു...
മിസോറമില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ ആഴം വ്യക്തമാക്കുന്നതാണ് മത്സരിച്ച രണ്ട് സീറ്റുകളിലും അഞ്ച് തവണ മുഖ്യമന്ത്രിയായ ലാല്‍ തന്‍ഹാവ്‌ലക്കേറ്റ പരാജയം. എം.എന്‍.എഫിന്റെ ടി.ജെ ലാല്‍നുന്‍ട്‌ലുവാന്‍ഗയോട് ചംബൈ മണ്ഡലത്തിലും Z.P.M (Zoram People's Movement) ന്റെ ലാല്‍ഡുഹോമയോട് സെര്‍ച്ചിപ്പ് മണ്ഡലത്തിലുമായിരുന്നു ലാല്‍ തന്‍ഹാവ്‌ല തോറ്റത്.
76കാരനായ ലാല്‍ തന്‍ഹാവ്‌ലയാണ് 2008 ഡിസംബര്‍ മുതല്‍ മിസോറം ഭരിക്കുന്നത്. 2008ല്‍ 32 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 34 സീറ്റ് നേടിയാണ് മിസോറാമില്‍ 2013ല്‍ വിജയിച്ചത്. ഇതോടെ ലാല്‍ തന്‍ഹാവ്‌ല അഞ്ച് തവണ മിസോറം മുഖ്യമന്ത്രിയായെന്ന റെക്കോഡും സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്നാം ജയം പ്രതീക്ഷിച്ചാണ് ലാല്‍ തന്‍ഹാവ്‌ലയും കോണ്‍ഗ്രസും മത്സരത്തിനിറങ്ങിയത്. പക്ഷേ ജനങ്ങള്‍ എം.എന്‍.എഫിന് അനുകൂലമായി വിധിയെഴുതുകയായിരുന്നു. ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് ഭരണം തുടച്ചുനീക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ പത്ത് വര്‍ഷമായി അധികാരത്തിന് പുറത്തായിരുന്ന എം.എന്‍.എഫ് ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പത്ത് വര്‍ഷം കൂടുമ്പോഴെങ്കിലും ഭരണം മാറിയിട്ടുണ്ടെന്ന പതിവ് മിസോറം ആവര്‍ത്തിക്കുകയും ചെയ്തു. 'ബി.ജെ.പി അടക്കം ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ ജയിക്കാനാകുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്' എന്നായിരുന്നു 1998-08 കാലത്ത് മിസോറം ഭരിച്ച എം.എന്‍.എഫ് നേതാവ് സൊറാംതാങ പറഞ്ഞിരുന്നത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പ് ലാല്‍ തന്‍ഹാവ്‌ലയോട് ഭരണ വിരുദ്ധ വികാരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു മറുപടി. 'അങ്ങനെയൊന്നില്ല. എനിക്കു നേരെ പറയാന്‍ അഴിമതി ആരോപണങ്ങളോ കുംഭകോണങ്ങളോ അവര്‍ക്കില്ല. എം.എന്‍.എഫിന് മാത്രമാണ് ഭരണവിരുദ്ധ വികാരത്തിലുള്ള പ്രതീക്ഷ'. എന്നാല്‍ തന്‍ഹാവ്‌ലയുടെ പ്രതീക്ഷകളെ പാടെ തെറ്റിക്കുന്നതായിരുന്നു മിസോറമിലെ തെരഞ്ഞെടുപ്പ് ഫലം.