‘ചരിത്രത്തില്‍ ബിരുദം, നോട്ട് നിരോധനത്തിലെ മോദിയുടെ വലം കൈ’; പുതിയ ആര്‍.ബി.ഐ ഗവര്‍ണറെ അടുത്തറിയാം
കഴിഞ്ഞ 25 വർഷത്തിൽ ആദ്യമായിട്ടായിരിക്കും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ ഇല്ലാത്ത ഒരാൾ റിസർവ് ബാങ്കിന്റെ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. ചരിത്രത്തില്‍ ബിരുദമുള്ള റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍ ശക്തികാന്തദാസ് മുന്‍പ് ഐ.എ.എസ് ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 തൊട്ട് 2017 മെയ് കാലയളവ് വരെ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ശക്തികാന്തദാസ് നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വലം കൈയായാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. സാമ്പത്തിക കമ്മീഷന്‍ അംഗമായ ശക്തികാന്തദാസ് ജി20 ഉച്ചകോടിയിലെ ഇന്ത്യന്‍ പ്രതിനിധികൂടിയാണ്. റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായി മൂന്ന് വര്‍ഷത്തേക്കാണ് ശക്തികാന്തദാസിന്റെ ചുമതല.
ഇന്നലെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും ഉര്‍ജിത് പട്ടേല്‍ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് രാജി സമര്‍പ്പിച്ചത്. നോട്ട് നിരോധനം, റിസര്‍വ് ബാങ്കിന്റെ പരമാധികാരത്തിലുള്ള ഇടപെടല്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളോട് ഊര്‍ജിത് പട്ടേലിന് കടുത്ത എതിര്‍പ്പായിരുന്നു. ഇതൊക്കെയാണ് രാജിക്ക് കാരണമെന്ന് പരക്കെ ആരോപണമുയര്‍ന്നിരുന്നു.
ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശക്തികാന്തദാസ് 1980 തമിഴ്നാട് ബാച്ചില്‍ ഐ.എ.എസ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഭരണത്തിന് കീഴിലും മോദിക്ക് കീഴിലും ബജറ്റ് ഡിവിഷനില്‍ മുഴുനീളെ പ്രവര്‍ത്തിച്ചിട്ടുണ്ട് ശക്തികാന്തദാസ്.
2014 മധ്യത്തില്‍ ബി.ജെ.പിക്ക് കീഴിലുള്ള എന്‍.ഡി.എ സര്‍ക്കാരില്‍ റവന്യൂ വകുപ്പില്‍ ചുമതലയേറ്റിട്ടുണ്ട്. 2016ല്‍ മോഡി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതില്‍ ശക്തികാന്തദാസ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. നോട്ട് നിരോധനത്തെ ശക്തിയുക്തം പിന്തുണച്ച വ്യക്തി കൂടിയാണ് ശക്തികാന്തദാസ്.