‘മോഡി തരാമെന്നേറ്റ 15 ലക്ഷം എല്ലാവര്‍ക്കും കിട്ടും, റിസര്‍വ് ബാങ്ക് പണം തരുന്നില്ല’; കേന്ദ്രമന്ത്രി രാം ദാസ് അതാവ്‌ലെ
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൊട്ടിഘോഷിക്കപ്പെട്ട ഒരു വാഗ്ദാനമായിരുന്നു 'എല്ലാവര്‍ക്കും 15 ലക്ഷം' എന്നത്. അത് വെറും വാഗ്ദാനമല്ലെന്നും ശരിയാക്കി തരാമെന്നും പറഞ്ഞിരിക്കുകയാണ് കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രി രാംദാസ് അതാവ്‌ലെ. കേന്ദ്ര സര്‍ക്കാര്‍ 15 ലക്ഷം വീതം തരാന്‍ തയ്യാറാണെന്നും റിസര്‍വ്വ് ബാങ്ക് പണം നല്‍കുന്നില്ലെന്നുമാണ് അതാണ് വൈകുന്നതെന്നുമാണ് കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രി രാംദാസ് അതാവ്‌ലെ പറയുന്നത്.
‘പത്ത് കോടി ഇപ്പോഴുണ്ടാകില്ല, പക്ഷെ സാവകാശം നിങ്ങള്‍ക്കത് കിട്ടും. സര്‍ക്കാരിന്റെ കൈയില്‍ അത്രയും ഭീമമായ തുകയില്ല. ആര്‍.ബി.ഐയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അവര്‍ വിട്ടുതരുന്നില്ല. ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അതെല്ലാം ഇപ്പോള്‍ തന്നെ ഒത്തുവന്നേക്കില്ല. പക്ഷെ പടിപടിയായി അത് സംഭവിക്കും.’; രാംദാസ് അതാവ്‌ലെ പറയുന്നു.
മോഡി വളരെ മികച്ച പ്രധാനമന്ത്രിയാണെന്നും റഫാല്‍ വിഷയത്തില്‍ സുപ്രീം കോടതി ക്ലീന്‍ ചീട്ട് നല്‍കിയെന്നും റഫാലില്‍ പ്രതിപക്ഷം മൂന്ന് നാല് മാസങ്ങള്‍ക്കകം നിലംപരിശാകുമെന്നും രാംദാസ് അതാവ്‌ലെ പറയുന്നു. നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും രാംദാസ് അതാവ്‌ലെ മാധ്യമങ്ങളോട് പറഞ്ഞു.