പൊതുമേഖല ബാങ്കുകളുടെ ലയന നീക്കം: ജീവനക്കാര്‍ പണിമുടക്കുന്നു
വിജയ ബാങ്കും ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
പൊതുമേഖല ബാങ്കുകളുടെ ലയന നീക്കത്തിനെതിരെ രാജ്യവ്യാപകമായി ബാങ്കുകള്‍ പണിമുടക്കി. സമരത്തെത്തുടര്‍ന്ന് കേരളത്തില്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നിലച്ചു. അവധിയും സമരവുമായി തുടര്‍ച്ചയായി ആറു ദിവസം ബാങ്കിങ് സേവനം ഇല്ലാതായത് കേരളത്തിലെ ഉപഭോക്താക്കളെ വലച്ചു. വിജയ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കിട്ടാക്കടം തിരിച്ചു പിടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്കുകള്‍ പണി മുടക്കുന്നത്.
പൊതു-സ്വാകാര്യ മേലകളിലെ 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കിട്ടാക്കടത്തിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് കേന്ദ്ര സർക്കാര്‍ ലയന നീക്കം നടത്തുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം. കേരളത്തിൽ 9 സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പണിമുടക്കിയ ജീവനക്കാര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. ബാങ്ക് പണിമുടക്കും ക്രിസ്മസ് അവധിയും മറ്റും കാരണം കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ആറ് ദിവസമായി സേവനം മുടങ്ങിയത് സാധാരണക്കാരായ ഇടപാടുകാരെ വലച്ചു. പലയിടത്തും എ.ടി.എമ്മുകളും കാലിയായി.