കര്‍ഷക രോഷം തണുപ്പിക്കാന്‍ തിരക്കിട്ട ചര്‍ച്ചകളുമായി മോദിയും അമിത് ഷായും
കര്‍ഷകരോഷം പൊതുതെരഞ്ഞെടുപ്പിലെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് കടാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.
കര്‍ഷക രോഷം തണുപ്പിക്കാന്‍ തിരക്കിട്ട ചര്‍ച്ചകളുമായി കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും. കാര്‍ഷിക കടാശ്വാസ പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കൂടിക്കാഴ്ച നടത്തി. അതേസമയം രാജ്യവ്യാപകമായി കാര്‍ഷിക കടം എഴുതിത്തള്ളുന്നതിനോട് ധനമന്ത്രാലയത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.
കര്‍ഷകരോഷം പൊതുതെരഞ്ഞെടുപ്പിലെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് കടാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്റെ പ്രായോഗിക വശങ്ങള്‍ ആവിഷ്കരിക്കാന്‍ നീതി ആയോഗ് ഉദ്യോഗസ്ഥര്‍ ആലോചനകള്‍ തുടങ്ങുകയും ചെയ്തു. അന്തിമ തീരുമാനമെടുക്കാനാണ് അമിത് ഷാ - മോദി കൂടിക്കാഴ്ച. കടാശ്വാസ പദ്ധതികള്‍ അനിവാര്യമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രണ്ട് ലക്ഷം വരെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ നടപടി തുടങ്ങിയ സാഹചര്യത്തില്‍ വിശേഷിച്ചും. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാകും പ്രഖ്യാപനമുണ്ടാകുക.
കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങും ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും മോദി-ഷാ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. എന്നാല്‍ വ്യാപക കടം എഴുതിത്തള്ളല്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നിലപാട്. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ കേന്ദ്ര സര്‍ക്കാരിന് അതിന് കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ ധനസ്ഥിതിയുടെ അടിസ്ഥാനത്തില്‍ അത്തരം നടപടികള്‍ സ്വീകരിക്കുന്നതാവും അഭികാമ്യമെന്നും കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചിരുന്നു.