ബുലന്ദ്ശഹര്‍ അക്രമം: മുഖ്യ പ്രതിയായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബുലന്ദ്ശഹറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതിയായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

Update: 2019-01-03 06:31 GMT

ബുലന്ദ്ശഹറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട അക്രമത്തിന്റെ മുഖ്യ ആസൂത്രകനായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അക്രമം നടന്ന് ഒരു മാസത്തിന് ശേഷമാണ് യോഗേഷ് രാജ് അറസ്റ്റിലാവുന്നത്. ബുലന്ദ്ശഹറിലെ ഒരു കോളേജില്‍ നിന്നും ഇന്നലെ രാത്രിയാണ് ഇയാള്‍ അറസ്റ്റിലായത്.

ഗോഹത്യക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ പൊലീസ് ഓഫീസര്‍ സുബോധ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ നിര്‍ണായക അറസ്റ്റാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ബുലന്ദ് ഷഹറിന് സമീപം കുര്‍ജ ഗ്രാമത്തില്‍ വെച്ചാണ് ഒന്നാം പ്രതി യോഗേഷ് രാജ് അറസ്റ്റിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Advertising
Advertising

പശുവിനെ കശാപ്പ് ചെയ്യുന്നുവെന്ന് ആരോപിച്ച് പൊലീസിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത് യോഗേഷായിരുന്നു. ഈ പ്രതിഷേധത്തിനിടയിലാണ് സുബോധ് കുമാറിനെ പിടിച്ചുകൊണ്ടുപോയി വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തിയത്. ഡിസംബര്‍ മൂന്നിനുണ്ടായ സംഭവത്തില്‍ ഒരു മാസത്തിന് ശേഷമാണ് കലാപത്തിന്റെ ആസൂത്രകനായ യോഗേഷ് അറസ്റ്റിലാവുന്നത്.

കലാപത്തില്‍ നേരിട്ട് പങ്കാളിയായ സൈനികന്‍ ജിതേന്ദ്ര മലിക് അടക്കം 30 പേരെ നേരത്തെ അറസ്റ്റ് ചെയ്തെങ്കിലും ബജ്റംഗ് ദള്‍ ജില്ലാ കണ്‍വീനര്‍ കൂടിയായ യോഗേഷ് രാജിനെ പിടികൂടാന്‍ പൊലീസ് തയ്യാറാവുന്നില്ലെന്ന് കൊല്ലപ്പെട്ട പൊലീസ് ഓഫീസറുടെ കുടുംബം പരാതിപ്പെട്ടിരുന്നു. പ്രതിയെ വൈദ്യ പരിശോധനകള്‍ക്ക് ശേഷം ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News