മന്‍മോഹന്‍ സിങ് ‘ആക്സിഡന്‍റല്‍ പ്രൈംമിനിസ്റ്റര്‍’ അല്ല, വിജയിച്ച പ്രധാനമന്ത്രിയെന്ന് ശിവസേന
10 വര്‍ഷം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന, ജനങ്ങള്‍ ബഹുമാനിക്കുന്ന ഒരു നേതാവ് എങ്ങനെ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്ററാകുമെന്ന് ശിവസേന നേതാവ്
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ പ്രശംസിച്ച് ശിവസേന രംഗത്ത്. മന്‍മോഹന്‍ സിങ് ആകസ്മികമായി പ്രധാനമന്ത്രിയായതല്ലെന്നും (ആക്സിഡന്‍റല്‍ പ്രൈംമിനിസ്റ്റര്‍) വിജയിച്ച പ്രധാനമന്ത്രിയാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മന്‍മോഹന്‍ സിങിനെ കുറിച്ചുള്ള സിനിമയെ ചുറ്റിപ്പറ്റി വിവാദം പുകയുന്നതിനിടെയാണ് ശിവസേന നേതാവിന്‍റെ പ്രതികരണം.
"10 വര്‍ഷം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന, ജനങ്ങള്‍ ബഹുമാനിക്കുന്ന ഒരു നേതാവ് എങ്ങനെ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്ററാകും? നരസിംഹ റാവുവിന് ശേഷം രാജ്യം കണ്ട വിജയിച്ച പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിങ്" - സഞ്ജയ് റാവത്ത് വ്യക്തമാക്കി. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയിലെ സഖ്യ കക്ഷിയാണ് ശിവസേന.
അനുപം ഖേര്‍ മന്‍മോഹന്‍ സിങായി അഭിനയിക്കുന്ന ആക്സിഡന്‍റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന സിനിമ കോണ്‍ഗ്രസിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന വിവാദം ഉയര്‍ന്നതിനിടെയാണ് ശിവസേന നേതാവിന്‍റെ പ്രതികരണം. മന്‍മോഹന്‍ സിങിന്‍റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്‍റെ പുസ്തകം അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചത്. കോണ്‍ഗ്രസിലെ ആഭ്യന്തര കലഹങ്ങളുടെ ഇരയായാണ് മന്‍മോഹന്‍ സിങിനെ ചിത്രീകരിച്ചതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഇതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.