സൈന്യത്തിലെ ഭക്ഷണം മോശമെന്ന് പരാതിപ്പെട്ട ജവാന്റെ മകന്‍ മരിച്ചനിലയില്‍
കുടുംബം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് മുറി തുറന്ന് അകത്ത് കയറിയത്. മുറിയുടെ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.
സൈനികര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന ആരോപണമുന്നയിച്ച് ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സൈനികന്റെ മകന്‍ മരിച്ച നിലയില്‍. ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിന്റെ 22കാരനായ മകന്‍ രോഹിതിനെയാണ് ഹരിയാനയിലെ റവേരിയിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയില്‍ തോക്ക് പിടിച്ച നിലയില്‍ അടച്ചിട്ട മുറിക്കുള്ളിലായിരുന്നു മൃതദേഹം.
കുടുംബം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് മുറി തുറന്ന് അകത്ത് കയറിയത്. മുറിയുടെ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. കിടക്കയില്‍ കിടക്കുന്ന മൃതദേഹത്തിന്റെ കൈയില്‍ പിസ്റ്റളുണ്ടായിരുന്നുവെന്നും പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യയാണെന്നും പൊലീസ് വ്യക്തമാക്കി. രോഹിതിന്റെ പിതാവ് തേജ് ബഹദൂര്‍ യാദവ് കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി പ്രയാഗ്രാജി(അലഹാബാദ്)ലേക്ക് പോയതാണ്. അദ്ദേഹത്തെ വിവരമറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
2017ലാണ് ജവാനെതിരെ ബി.എസ്.എഫ് കോടതിതല അന്വേഷണം നടത്തിയത്. കരിഞ്ഞ ചപ്പാത്തിയും വെള്ളംപോലുള്ള ദാലുമാണ് ജവാന്‍മാര്‍ക്ക് ഭക്ഷണമായി നല്‍കുന്നതെന്നായിരുന്നു തേജ് ബഹദൂറിന്റെ ആരോപണം. വിഡിയോ വൈറലായതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും സ്ഥലം മാറ്റുകയും ചെയ്തു. പിന്നീട് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് കാട്ടി പിരിച്ചുവിടുകയായിരുന്നു.