കാർഷിക മേഖലയ്ക്ക് മരണമണിയോ? യുഎസുമായുള്ള വ്യാപാര കരാറിലെ നേട്ടങ്ങളും കോട്ടങ്ങളും

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 18 ശതമാനം നികുതി നിലനിൽക്കുമ്പോൾ മറുവശത്ത് അവർക്ക് വലിയ ​ഗുണമുണ്ടാകുന്ന തീരുമാനമാണ് ഇന്ത്യയുടെ ഭാ​ഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് കാണാം.

Update: 2026-02-19 09:20 GMT

ന്ത്യ- യുഎസ് വ്യാപാരകരാറുമായി ബന്ധപ്പെട്ട അലയൊലികൾ തുടരുകയാണ്. മികച്ച കരാറെന്ന് കേന്ദ്രവും ബിജെപിയും അവകാശപ്പെടുമ്പോൾ കർഷകർക്കുൾപ്പെടെ ദോഷകരമായി ബാധിക്കുമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞയാഴ്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാന വ്യാപാര കരാർ യാഥാർഥ്യമായത്. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്‌താവന പുറത്തുവിടുകയും ചെയ്തിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്കുമേൽ യുഎസ് ചുമത്തിയിരുന്ന അധിക തീരുവ ഒഴിവാക്കുകയും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിലെ നികുതി 18 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തതാണ് സുപ്രധാന മാറ്റം.

Advertising
Advertising

മുമ്പ് 25 ശതമാനമായിരുന്ന ഈ തീരുവ പിന്നീട് 50 ശതമാനം ആക്കുകയും ഇപ്പോൾ അത് 18 ആക്കി കുറയ്ക്കുകയുമാണ് ചെയ്തത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള അമേരിക്കയിലെ 18 ശതമാനം തീരുവ ചൈന, തായ്‌വാൻ എന്നീ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയതിനേക്കാൾ താഴ്ന്നതാണെന്നത് നേട്ടമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാൽ ബം​ഗ്ലാദേശിന് പൂജ്യം ശതമാനമാണ് യുഎസിന്റെ താരിഫ് എന്നതും ശ്രദ്ധേയമാണ്. 2025 ആ​ഗസ്റ്റിലാണ് ട്രംപ് ഭരണകൂടം ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയത്. ഇതില്‍ 25 ശതമാനം റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിനുള്ള പിഴയായിരുന്നു. ഈയിനത്തില്‍ ലഭിക്കുന്ന തുക റഷ്യ യുക്രൈനെതിരായ യുദ്ധത്തിന് ഉപയോഗിക്കുന്നു എന്നായിരുന്നു യുഎസ് ആരോപണം.

റഷ്യന്‍ എണ്ണ വാങ്ങുന്ന കാര്യത്തില്‍ ചൈനയ്ക്കും തുര്‍ക്കിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് രാജ്യം. ഈ സാഹചര്യത്തിൽ ഈ ഉയർന്ന താരിഫ് ഇന്ത്യയിൽ വളരെയധികം ആശങ്കയുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാപാര കരാർ സംബന്ധിച്ച് ധാരണയായതും ഇരു രാജ്യങ്ങളും ഒപ്പുവച്ചതും. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുവ കുറച്ച ഉത്തരവിൽ ട്രംപ് ഒപ്പിട്ടതെന്നാണ് റിപ്പോർട്ടുകൾ. റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഉറപ്പുനൽകിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും അവകാശപ്പെട്ടിരുന്നു. എന്നാൽ, ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ ഇന്ത്യ സ്വതന്ത്ര്യമായി തീരുമാനമെടുക്കുമെന്നാണ് കേന്ദ്രമന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചത്.

യഥാർഥത്തിൽ ഈ കരാറിലൂടെ ഇന്ത്യക്കാണോ അമേരിക്കയ്ക്കാണോ ലാഭവും മെച്ചവും...? ഇന്ത്യക്ക് പ്രതിസന്ധിയേറുമോ...? പ്രതിപക്ഷം ആരോപിക്കുന്നതു പോലെ വിവിധ മേഖലകളെ പ്രതികൂലമായി ബാധിക്കുമോ...? പരിശോധിക്കാം...

നികുതി കുറവിന് ഇന്ത്യ പകരം നൽകുന്നതെന്ത്...? ​ഗുണം ആർക്ക്...?

ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, റബ്ബർ ഉൽപ്പന്നങ്ങൾ, ഓർഗാനിക് രാസവസ്തുക്കൾ, വീട്ടുപകരണങ്ങൾ, കരകൗശല വസ്തുക്കൾ, ചില യന്ത്രസാമഗ്രികൾ എന്നിവയ്ക്കുള്ള നികുതിയാണ് അമേരിക്ക 18 ശതമാനമായി കുറച്ചത്.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 18 ശതമാനം നികുതി നിലനിൽക്കുമ്പോൾ മറുവശത്ത് അവർക്ക് വലിയ ​ഗുണമുണ്ടാകുന്ന തീരുമാനമാണ് ഇന്ത്യയുടെ ഭാ​ഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് കാണാം. കരാറിന്റെ ഭാ​ഗമായി, അമേരിക്കയിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ വെട്ടിക്കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യും. മെഷിനറി, ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ, വാഹനങ്ങളും അനുബന്ധ ഘടകങ്ങളും, കെമിക്കൽസ് എന്നിവയാണ് യുഎസിന് നികുതി പൂർണമായും ഒഴിവാക്കിയവയിൽ ചിലത്.

അമേരിക്കയിൽ നിന്നുള്ള പരുത്തി, നട്സ്, സോയാബീൻ ഓയിൽ തുടങ്ങിയ ഭക്ഷ്യ- കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവയും പൂർണമായും ഒഴിവാക്കി. അതേസമയം, ഹൈ എൻഡ് സെർവറുകൾ, എഐ ഹാർഡ്‌വെയറുകൾ, ജിപിയുകൾ, ഡാറ്റാ സെന്റർ ഉപകരണങ്ങൾ, സെമികണ്ടക്ടർ ഇൻപുട്‌സ് എന്നിവയ്ക്കുള്ള നികുതി കുറയ്ക്കും. അമേരിക്കയിൽ നിന്നുള്ള ധാന്യങ്ങളും പഴങ്ങളും ഉള്‍പ്പെടെ കാര്‍ഷിക വിഭവങ്ങള്‍ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനും നികുതി ഇളവുണ്ടാവും. ‍കരാർ പ്രകാരം, കാര്‍ഷിക, ക്ഷീര മേഖലകളിൽ നിയന്ത്രിത ഇളവാണ് വരുത്തിയിരിക്കുന്നത്. ചില അമേരിക്കൻ വിളകൾക്ക് തീരുവ കുറയ്ക്കും. മണിച്ചോളം, സോയാബീൻ എണ്ണ, പിസ്ത, കശുവണ്ടി, ബദാം, പഴങ്ങൾ എന്നിവയ്ക്ക് ഇന്ത്യ തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ഇതിലൂടെയെല്ലാം നേട്ടം യുഎസിനാണെന്ന് സാരം.

ഇന്ത്യൻ അരി ഇറക്കുമതിക്ക് മുൻഗണന നൽകുമെന്ന് യുഎസ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപ്പഴം എന്നിവയ്ക്ക് ഇന്ത്യ നികുതി ഇളവ് നൽകില്ല. തേയിലയ്ക്കും ഇന്ത്യ തീരുവ കുറയ്ക്കില്ല. മാങ്ങ ഇറക്കുമതിക്കും നിയന്ത്രണം തുടരും. ഇന്ത്യ മസാലകള്‍ക്കും ഉള്ളിക്കും ഉരുളക്കിഴങ്ങിനും പൂര്‍ണ സംരക്ഷണം ഉണ്ടാകും. ഇവയുടെ ഇറക്കുമതിക്കുള്ള നിയന്ത്രണം തുടരും. ചില ഉൽപ്പന്നങ്ങൾ പ്രധാനമായും പണക്കാർ മാത്രമാണ് ഉപയോഗിക്കുന്നത് എന്നും അതിനാൽ അമേരിക്കയ്ക്കുള്ള നികുതിയിളവ് സാധാരണ കർഷകരെ ബാധിക്കില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം.

അമേരിക്കൻ മദ്യത്തിന് ഇന്ത്യ തീരുവ കുറയ്ക്കുമെന്നും പ്രസ്താവനയിലുണ്ട്. വിസ്‌കി, ജിൻ, റം തുടങ്ങിയ ആൽക്കഹോൾ ഉൽപ്പന്നങ്ങൾക്കുണ്ടായിരുന്ന 150 ശതമാനം ഇറക്കുമതി നികുതി 30-40 ശതമാനത്തിലേക്കാണ് ഇന്ത്യ കുറയ്ക്കുക. അമേരിക്കൻ മെഡിക്കൽ, ഐടി ഉപകരണങ്ങളുടെയും ഉൽപ്പന്നങ്ങളുടേയും വിപണിയിലെ തടസം നീക്കാനും ധാരണമായിയിട്ടുണ്ട്. ഇതുകൊണ്ടും നേട്ടം അമേരിക്കയ്ക്കാണെന്ന് വ്യക്തം.

അഞ്ച് വര്‍ഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്‍റെ (500 ബില്യൻ ഡോളർ) സാധനങ്ങള്‍ അമേരിക്കയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും കരാറിൽ വ്യക്തമാക്കുന്നു. 2030ഓടെ ഊർജം, സാങ്കേതികവിദ്യ, വിമാനഭാഗങ്ങൾ, കൃഷി, കൽക്കരി തുടങ്ങിയ മേഖലകളിലെ 500 ബില്യൻ ഡോളറിന്റെ ഉൽപ്പന്നങ്ങൾ വാങ്ങാമെന്നാണ് കരാറിലെ വാ​ഗ്ദാനം. എന്നാൽ ഇത് എത്രത്തോളം പ്രായോ​ഗികമാണ് എന്നതാണ് ഉയരുന്ന ചോദ്യം.

കാരണം, നിലവിൽ 24,900- 25,000 കോടി ഡോളറിന്റെ വ്യാപരമാണ് പ്രതിവർഷം ഇന്ത്യയും യുഎസും തമ്മിൽ നടക്കുന്നത്. കരാർ പ്രകാരമുള്ള 50,000 കോടി ഡോളർ വ്യാപാരത്തിലേക്കെത്താൻ ഇന്ത്യക്ക് ഒരുപാട് കടമ്പകൾ കടക്കേണ്ടിവരും. കരാർ പ്രകാരം ഇന്ത്യ കയറ്റുമതി ചെയ്യുന്നത് താരതമ്യേന മൂല്യം കുറഞ്ഞ ഉൽപ്പന്നങ്ങളും യുഎസിൽ നിന്നും ഇറക്കുമതി ചെയ്യുന്നത് മൂല്യമേറിയ ഉൽപ്പന്നങ്ങളുമാണ് എന്നത് യഥാർഥത്തിൽ വ്യാപാരത്തിൽ മേൽക്കൈ യുഎസിനാണ് എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

കരാർ ആർക്കൊക്കെ തിരിച്ചടി; പ്രതിപക്ഷ വിമർശനം

ഇൻഡോ- യുഎസ് വ്യാപാര കരാർ ഇന്ത്യയിലെ കർഷകർക്ക് തിരിച്ചടിയാവുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ യുഎസിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ വൻതോതിൽ ഇന്ത്യയിലെത്തുമെന്ന് യുഎസ് കാർഷിക സെക്രട്ടറി ബ്രൂക് റോളിൻസ് പറഞ്ഞിരുന്നു. ഇന്ത്യൻ വിപണി അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി തുറന്നുകൊടുക്കുന്നതോടെ തങ്ങളുടെ ഗ്രാമീണ മേഖലയിലേക്ക് കൂടുതൽ പണം എത്തുമെന്നും ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വില ലഭിക്കുമെന്നും കോളിൻസ് അഭിപ്രായപ്പെട്ടിരുന്നു. കരാറിലൂടെ തങ്ങൾക്കുണ്ടാവുന്ന നേട്ടത്തിന്റെ തോത് യുഎസ് വ്യക്തമാക്കിയതോടെ ഇത് ഇന്ത്യയുടെ കാർഷികമേഖലയ്ക്കുണ്ടാക്കുന്ന ക്ഷീണം ചെറുതല്ലെന്ന സൂചനയാണ് നൽകുന്നത്.

ഇന്ത്യൻ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നായിരുന്നു നേരത്തൈ കേന്ദ്രം അറിയിച്ചിരുന്നത്. ഈ നിലപാടിൽ നിന്നും വ്യത്യസ്തമായ തീരുമാനമാണ് പുതിയ കരാറുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്നും ഉണ്ടായിരിക്കുന്നതെന്ന വിമർശനം ശക്തമാണ്. ഇത്തരമൊരു തീരുമാനം ഇന്ത്യൻ കാർഷികരം​ഗത്തിന് വെല്ലുവിളിയുണ്ടാക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

കരാറിനെതിരെ പ്രതിപക്ഷം രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദേശ കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ കുമിഞ്ഞുകൂടുന്നത് സ്വദേശി കർഷകരെയും ചെറുകിട വ്യാപാരികളേയും ദോഷകരമായി ബാധിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. ജനിതകമാറ്റം വരുത്തിയ വിളകൾ വിപണിയിലെത്തുന്നത് ജനങ്ങളുടെ ആരോഗ്യത്തെയും ഇന്ത്യയുടെ തനതായ വിത്തിനിങ്ങളേയും ദോഷകരമായി ബാധിക്കുമെന്നാണ് ഇന്ത്യൻ കോഡിനേഷൻ കമ്മിറ്റി ഓഫ് ഫാർമേഴ്‌സ് മൂവ്‌മെന്റ് ചൂണ്ടിക്കാട്ടിയത്.

ഇന്ത്യ- യുഎസ് വ്യാപാര കരാറിലൂടെ രാജ്യത്തെ ട്രംപിന് വിറ്റുവെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മോദി അമേരിക്കയ്ക്ക് മുന്‍പില്‍ പൂര്‍ണമായി കീഴടങ്ങിയെന്നും പറഞ്ഞിരുന്നു. കരാർ രാജ്യത്തെ ടെക്സ്റ്റൈൽ വ്യവസായത്തെ നശിപ്പിക്കുമെന്നും അടച്ചുപൂട്ടിക്കുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രാജ്യതാത്പര്യം മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു സർക്കാർ പരുത്തി കർഷകരെയും വസ്ത്ര കയറ്റുമതിക്കാരേയും സംരക്ഷിക്കുകയാണ് ചെയ്യുക. എന്നാൽ നേർവിപരീതമാണ് ഇവിടെ സംഭവിച്ചതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കൃഷിക്കും വ്യവസായത്തിനും ഒരു പോലെ നാശനഷ്ടങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള കരാറാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും തയാറാക്കിയതെന്നും രാഹുൽ പറഞ്ഞു.

കരാറിലൂടെ കേന്ദ്രം കർഷകരെ വഞ്ചിച്ചു. ബംഗ്ലദേശിന് പൂജ്യം ശതമാനം താരിഫും ഇന്ത്യക്ക് 18 ശതമാനം താരിഫും ഏർപ്പെടുത്തിയത് ഇന്ത്യയിൽ ടെക്സ്റ്റൈൽ വ്യവസായത്തിൽ ജോലി ചെയ്യുന്ന അഞ്ച് കോടി കുടുംബങ്ങളെ ദോഷകരമായി ബാധിക്കും. ഇക്കാര്യങ്ങളെല്ലാം രാജ്യത്തിനും നരേന്ദ്രമോദിക്കും അറിയാമെന്നും വിഷയം പാർലമെന്റിൽ താൻ വിശദീകരിച്ചതാണെന്നും രാഹുൽ പറഞ്ഞു. അമേരിക്കയിൽനിന്നും പരുത്തി ഇറക്കുമതി ചെയ്യുന്ന കാര്യം സർ‍ക്കാർ മറച്ചുവച്ചെന്നും ലോക്സഭയിൽ രാഹുൽ ആരോപിച്ചിരുന്നു.

യുഎസുമായുള്ള കരാർ കർഷകരെ നശിപ്പിക്കുമെന്നും 1992ൽ ആരംഭിച്ച വിത്ത് ബിൽ തിരിച്ചെത്തിയിരിക്കുന്നതായും ഇതൊരു നിശബ്ദ കരാറാണെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ഔദ്യോഗിക പ്രസ്താവനകളിൽ "മറ്റ് വിളകൾ" എന്ന അവ്യക്ത പരാമർശം അനിയന്ത്രിത ഇറക്കുമതിയിലേക്ക് നയിച്ചേക്കാമെന്ന് ടിക്കായത്ത് മുന്നറിയിപ്പ് നൽകി. ഇത് കർഷകരെയും ഗോത്ര സമൂഹങ്ങളേയും നശിപ്പിക്കും. വിത്ത് ബില്ലും വൈദ്യുതി ഭേദഗതി ബില്ലും കർഷകരുമായി കൂടിയാലോചിക്കാതെയാണ് കൊണ്ടുവന്നത്. കർഷകർ പ്രക്ഷോഭം ശക്തമാക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യ- യുഎസ് വ്യാപാരകരാറിനെതിരെ രൂക്ഷവിമർശനവുമായി സമാജ് വാദി പാർട്ടി മേധാവി അഖിലേഷ് യാദവും രം​ഗത്തെത്തിയിരുന്നു. 70 ശതമാനത്തിലേറെ ജനങ്ങൾ കൃഷിയെ ആശ്രയിക്കുന്ന രാജ്യത്തിന്റെ വിപണി അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് തുറന്നു കൊടുക്കാനുള്ള നീക്കം കർഷകരെ ആക്രമിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ- യുഎസ് വ്യാപാര കരാർ രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണന്ന് സിപിഎം പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി. കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നതാണിത്. കരാറിന്റെ പൂർണരൂപം പാർലമെന്റിൽ വയ്ക്കണമെന്നും പിബി ആവശ്യപ്പെട്ടിരുന്നു. കാർഷിക മേഖലയ്ക്കും സാമ്പത്തിക വ്യവസ്ഥയ്ക്കും നേരെയുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. വിവിധ ഭക്ഷ്യ- കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കിയത് ഇന്ത്യൻ കർഷകരെ വലിയ പ്രതിസന്ധിയിലാക്കും. ഇത് അമേരിക്കൻ താൽപര്യങ്ങൾക്ക് മുന്നിൽ കേന്ദ്രം നടത്തിയ കീഴടങ്ങലാണെന്നും സിപിഎം വിമർശിച്ചിരുന്നു. നേരത്തെ, യുഎസ് 2.9 ശതമാനം താരിഫാണ് ഈടാക്കിയിരുന്നതെന്നും പിന്നീട് അത് 25 ശതമാനമായും 50 ശതമാനമായും വർധിപ്പിച്ചെന്നും ഇപ്പോൾ അത് 18 ശതമാനക്കുകയാണ് ചെയ്തതെന്നും ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ് ചൂണ്ടിക്കാട്ടി. യുഎസ് ഉൽപ്പന്നങ്ങൾക്ക് പൂജ്യം ശതമാനം താരിഫിൽ ഇന്ത്യ വിപണി തുറന്നുകൊടുത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ പ്രതിരോധം, അവകാശവാദം

ഇന്ത്യ അമേരിക്ക ബന്ധത്തിലെ സുവർണ അധ്യായമാണ് പുതിയ കരാറെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയൽ അവകാശപ്പെട്ടത്. അമേരിക്കയുമായി പ്രതിവർഷം 500 ബില്യൺ ഡോളർ വാർഷിക വിനിമയമാണ് പ്രതീക്ഷിക്കുന്നത്. വ്യാപാര കരാർ എല്ലാ മേഖലകളിലും പുതിയ അവസരങ്ങൾ തുറക്കുമെന്നും കർഷക താത്പര്യം സംരക്ഷിച്ചാണ് കരാറെന്നും പിയുഷ് ഗോയൽ പറഞ്ഞിരുന്നു. കാര്‍ഷികമേഖലയെ പൂര്‍ണമായും സംരക്ഷിക്കുന്ന തരത്തിലുള്ള കരാറാണ് ഇന്ത്യയും യുഎസും ഒപ്പുവച്ചിരിക്കുന്നതെന്നും ഗോയല്‍ വിശദമാക്കിയിരുന്നു.

കരാർ ഇരു രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് നന്ദിയും പറഞ്ഞിരുന്നു. എന്നാൽ, കേന്ദ്രം ഇത്തരത്തിൽ വലിയ അവകാശവാദങ്ങൾ നടത്തുമ്പോഴും കാർഷികമേഖലയിൽ നിന്നടക്കം ഉയരുന്ന ആശങ്കകൾക്കും ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കേണ്ടതുണ്ട്. എപ്പോൾ വേണമെങ്കിലും നിലപാടുകളിൽ മലക്കംമറിയുന്ന അമേരിക്കയുടെ സമ്മർദത്തിന് വഴിപ്പെട്ട് റഷ്യൻ എണ്ണയുടെ കാര്യത്തിലടക്കം ഇന്ത്യ പിന്നോട്ടുപോയാൽ അത് ഗുണകരമാവുമോ എന്ന ചോദ്യവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Similar News