തൃണമൂലിനും സി.പി.ഐക്കും എന്‍.സി.പിക്കും ദേശീയ പാര്‍ട്ടി സ്ഥാനം നഷ്ടമായേക്കും

ദേശീയ പാര്‍ട്ടി പദവി ലഭിക്കണമെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി നാല് സംസ്ഥാനങ്ങളില്‍ എങ്കിലും ലോക്‌സഭാ മണ്ഡലങ്ങളിലോ നിയമസഭാ മണ്ഡലങ്ങളിലോ ചുരുങ്ങിയത് ആറ് ശതമാനം വോട്ട് നേടിയിരിക്കണം.

Update: 2019-07-19 05:55 GMT
Advertising

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ, എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്. ദേശീയ പാര്‍ട്ടി പദവി റദ്ദാക്കാതാരിക്കാന്‍ കാരണം കാണിക്കണമെന്നാണ് നോട്ടീസിലുള്ളത്. മറുപടി നല്‍കിയാലും മൂന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ദേശീയ പാര്‍ട്ടി പദവി നഷ്ടമാകാനാണ് സാധ്യത.

1968 ലെ ഇലക്ഷന്‍ സിംബല്‍സ് റിസര്‍വേഷന്‍ ആന്‍ഡ് അലോട്ട്‌മെന്റ് ഉത്തരവ് പ്രകാരം ദേശീയ പാര്‍ട്ടി പദവി ലഭിക്കണമെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി നാല് സംസ്ഥാനങ്ങളില്‍ എങ്കിലും ലോക്‌സഭാ മണ്ഡലങ്ങളിലോ നിയമസഭാ മണ്ഡലങ്ങളിലോ ചുരുങ്ങിയത് ആറ് ശതമാനം വോട്ട് നേടിയിരിക്കണം.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും ഈ ഉത്തരവ് പ്രകാരമുള്ള വിജയം നേടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ, എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. ദേശീയ പാര്‍ട്ടി പദവി എന്ത് കൊണ്ട് റദ്ദാക്കരുത് എന്നതിന് ഉത്തരം ആഗസ്റ്റ് അഞ്ചിന് മുമ്പായി നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മറുപടി പരിശോധിച്ച് ആഗസ്റ്റ് അവസാന വാരത്തില്‍ കമ്മീഷന്‍ അന്തിമ തീരുമാനമെടുക്കും. 2014 ലോക്‌സഭ തെരഞ്ഞെടുപ്പ് മുതല്‍ മൂന്ന് പാര്‍ട്ടികളും സമാന പ്രതിസന്ധി നേരിടുന്നുണ്ട്. 2016ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ട ഭേദഗതിയിലൂടെ പദവി പരിശോധന കാലയളവ് അഞ്ചില്‍ നിന്ന് 10 വര്‍ഷമാക്കിയത് താല്‍ക്കാലിക ആശ്വാസമായിരുന്നു.

Tags:    

Similar News