സാമ്പത്തിക നൊബേല്‍ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്
എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രീമര്‍ എന്നിവര്‍ക്കൊപ്പമാണ് അഭിജിത് ബാനര്‍ജി പുരസ്‌കാരം പങ്കിട്ടത്. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പദ്ധതികള്‍ക്കാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.
ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ പുരസ്കാരം ഇന്ത്യന്‍ വംശജനായ അഭിജിത്ത് ബാനര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്. ആഗോള ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള പഠനത്തിനാണ് പുരസ്കാരം. എസ്തര്‍ ഡുഫ്‌ലോയും മൈക്കിള്‍ ക്രെമറും അഭിജിത്തിനൊപ്പം പുരസ്കാരം പങ്കിട്ടു.
ആഗോള ദാരിദ്ര്യനിർമാർജനത്തിന് മുതല്‍ക്കൂട്ടാകുന്നതാണ് പഠനമെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി. പുതിയ പരീക്ഷണാധിഷ്ഠിത സമീപനം വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചുവെന്നും നൊബേല്‍ കമ്മിറ്റി പറഞ്ഞു.
നൊബേല്‍ പുരസ്കാരം നേടുന്ന ഒന്‍പതാമത്തെ ഇന്ത്യക്കാരനാണ് അഭിജിത്ത് ബാനര്‍ജി. അമർത്യ സെന്നിന് ശേഷം സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യൻ വംശജനും. അതിവേഗം വളരുന്ന സാമ്പത്തിക മേഖലകളിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള ഗവേഷണത്തിനാണ് പുരസ്കാരം. അമേരിക്കയിലെ മസാച്യുസൈറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപകരാണ് അഭിജിത്തും എസ്തര്‍ ഡുഫ്‌ലോയും. മൈക്കള്‍ ക്രെമര്‍ ഹാർവാർഡ് സർവകലാശാല അധ്യാപകനാണ്.
കൊല്‍ക്കത്ത സ്വദേശിയായ അഭിജിത്ത് ബാനര്‍ജി കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ഇന്ത്യയിലാണ്. 1988ല്‍ ഹര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഇക്കണോമിക്സില്‍ പി.എച്ച്.ഡി നേടി.