'എം.പിമാരുടെ സസ്പെന്‍ഷന്‍ ഏകാധിപത്യ ഭരണകൂടത്തിന്റെ മാനസികാവസ്ഥ തുറന്നുകാണിക്കുന്നത്' -മമത ബാനര്‍ജി

'എന്നാല്‍ ഞങ്ങള്‍ കുനിയാന്‍ തയ്യാറല്ല, ഈ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പാര്‍ലമെന്റിലും തെരുവിലും പോരാടും'

Update: 2020-09-22 10:36 GMT
Advertising

കര്‍ഷകര്‍ക്കായി പോരാടിയ എട്ട് എം.പിമാരെ രാജ്യസഭയില്‍ സസ്‌പെന്‍റ് ചെയ്തത് ഏകാധിപത്യ ഭരണകൂടത്തിന്റെ മാനസികാവസ്ഥ തുറന്നുകാണിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി.

'എം.പിമാരുടെ സസ്പെന്‍ഷന്‍ അസാധാരണവും ഏകാധിപത്യ ഭരണകൂടത്തിന്റെ മാനസികാവസ്ഥ തുറന്നുകാണിക്കുന്നതുമാണ്' മമത ട്വീറ്റ് ചെയ്തു.

'ഈ ഏകാധിപത്യ ഭരണകൂടം ജനാധിപത്യ മര്യാദകളെയും നിയമങ്ങളെയും ബഹുമാനിക്കുന്നില്ല. എന്നാല്‍ ഞങ്ങള്‍ കുനിയാന്‍ തയ്യാറല്ല, ഈ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പാര്‍ലമെന്റിലും തെരുവിലും പോരാടും' അവര്‍ കുറിച്ചു.

കാര്‍ഷിക പരിഷ്കരണ ബില്ല് രാജ്യസഭയില്‍ പാസ്സാക്കുന്നതിനിടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എളമരം കരീം, കെ കെ രാഗേഷ് എന്നിവരടക്കം 8 എംപിമാരെയാണ് ഒരാഴ്ച്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി ചെയര്‍മാനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നല്‍കിയ നോട്ടീസ് സഭ തളളി.

തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറിക് ഒബ്രിയാന്‍, ഡോല സെന്‍, കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതാവ്, റിബുന്‍ ബോറ, സയ്യിദ് നസീര്‍ ഹുസൈന്‍, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭ സസ്പെന്‍ഡ് ചെയ്തത്. സഭയുടെ അന്തസ്സിന് നിരക്കാത്ത രീതിയില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇവര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.

Tags:    

Similar News