ഇന്ത്യയില്‍ കോവിഡ് വന്നത് ജനസംഖ്യയുടെ രണ്ട് ശതമാനത്തിന് മാത്രം; 98 ശതമാനത്തിന് ഇപ്പോഴും ഭീഷണി

രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്‍റെ നേട്ടമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍

Update: 2021-05-19 09:22 GMT
By : Web Desk

ഇന്ത്യയില്‍ ഇതുവരെ ആകെ ജനസംഖ്യയുടെ 2 ശതമാനത്തില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍. അതുകൊണ്ടുതന്നെ ബാക്കിയുള്ള 98 ശതമാനം പേരും ഇപ്പോഴും രോഗത്തിന്‍റെ ഭീഷണിയിലാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

രാജ്യത്ത് രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആകെ ജനസംഖ്യയുടെ രണ്ട് ശതമാനത്തില്‍ താഴെയായി രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്നത് സര്‍ക്കാരിന്‍റെ നേട്ടമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ കോവിഡ് വ്യാപന തോത് കുറയുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവ് നിരക്കിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. എട്ട് സംസ്ഥാനങ്ങളിലാണ് നിലവില്‍ രോഗികള്‍ കൂടുതല്‍. പക്ഷേ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്‍ഗഢ് സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണത്തിലും രോഗവ്യാപനത്തിലും കുറവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇന്ത്യയുടെ കോവിഡ് ബാധിതരുടെ എണ്ണം 2.5 കോടിയിലധികമാണ്. എന്നാല്‍ കോവിഡ് ബാധിതരുടെ ജനസംഖ്യാനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി, ബ്രസീല്‍, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളേക്കാള്‍ കുറവാണ് ഇത്. കാരണം അമേരിക്കയില്‍ ആകെ ജനസംഖ്യയുടെ പത്ത് ശതമാനത്തിലധികം ജനങ്ങളാണ് കോവിഡ് ബാധിതരായത്. തുര്‍ക്കിയില്‍ 6 ശതമാനവും ബ്രസീലില്‍ 7.3 ശതമാനവും ഫ്രാന്‍സില്‍ 9 ശതമാനവും ജനങ്ങളാണ് കോവിഡ് ബാധിതരായിട്ടുള്ളത്.

Tags:    

By - Web Desk

contributor

Similar News