വാക്സിന്‍ ക്ഷാമം; ഡല്‍ഹിയില്‍ 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ നിര്‍ത്തിവച്ചു

ഡല്‍ഹി വാക്സിന്‍ ക്ഷാമം നേരിടുകയാണ്. അവശേഷിക്കുന്ന വാക്സിന്‍ ഡോസുകള്‍ ഇന്ന് വൈകിട്ടോടെ തീരും

Update: 2021-05-22 11:37 GMT

വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ത്തിവച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ അറിയിച്ചു.

''ഡല്‍ഹി വാക്സിന്‍ ക്ഷാമം നേരിടുകയാണ്. അവശേഷിക്കുന്ന വാക്സിന്‍ ഡോസുകള്‍ ഇന്ന് വൈകിട്ടോടെ തീരും. നാളെ മുതല്‍ എല്ലാ വാക്സിനേഷന്‍ സെന്‍ററുകളും അടച്ചിടും..'' മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാക്സിന്‍ ഡോസുകള്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. പ്രതിമാസം ഡല്‍ഹിക്ക് വേണ്ടത് 60 ലക്ഷം ഡോസ് വാക്സിനാണ്. എന്നാല്‍ മെയ് മാസം ലഭിച്ചത് 16 ലക്ഷം മാത്രമാണ്. ജൂണില്‍ 8 ലക്ഷം ഡോസ് വാക്സിന്‍ മാത്രമേ നല്‍കൂ എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. 18മുതല്‍ 44വരെ പ്രായമുള്ളവര്‍ക്ക് 2.5 കോടി വാക്സിന്‍ ആവശ്യമുണ്ട്. പ്രതിമാസം 8 ലക്ഷം മാത്രം തന്നാല്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ 30 മാസമെങ്കിലും എടുക്കും.അപ്പോഴേക്കും നിരവധി പേര്‍ കൊവിഡ് ബാധിച്ച് മരിക്കും.. മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും വിദേശ മരുന്ന് കമ്പനികള്‍ക്ക് ഇന്ത്യയില്‍ വാക്സിന്‍ നിര്‍മിക്കാനുള്ള അനുമതി നല്‍കണമെന്നും കേജ്‍രിവാള്‍ ആവശ്യപ്പെട്ടു. വാക്‌സിനുകളുടെ കുറവ് കാരണം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 368 കേന്ദ്രങ്ങളിൽ 235 എണ്ണം ഡൽഹി അടച്ചുപൂട്ടിയതായി ആം ആദ്മി എം‌എൽ‌എ അതിഷി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ വരെ 18-44 വിഭാഗത്തിൽ പെട്ടവര്‍ക്ക് 42,380 ഡോസുകൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് അതിഷി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News