കോവിഡ് വ്യാപനം: ബിജെപിയും എന്‍ഡിഎയും രാജ്യത്തോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

"വാക്സിനും ഓക്സിജനും ഒന്നും രാജ്യത്ത് ഒരു കുറവുമില്ല. മന്ത്രിയെ വിശ്വസിക്കുക. രോഗികളുടെ കുറവ് മാത്രമേയുള്ളൂ"

Update: 2021-04-18 09:17 GMT

കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ രാജ്യം പകച്ചുനില്‍ക്കുന്നതിനിടെ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. കേന്ദ്രത്തില്‍ അധികാരത്തിലുള്ള എന്‍ഡിഎ സഖ്യം രാജ്യത്തോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.

ജെഡിയു എംപി രാജീവ് രഞ്ജന്‍ സിങ് മുന്‍പ് ലോക്സഭയില്‍ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് മനീഷ് തിവാരിയുടെ ട്വീറ്റ്. കോവിഡിന്‍റെ രണ്ടാം വരവ് തടയാന്‍ ആരോഗ്യ വകുപ്പിന് കൂടുതല്‍ തുക വകയിരുത്തണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടപ്പോള്‍ ജെഡിയു എംപി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി. കോവിഡിനെ ചൊല്ലി രാജ്യത്ത് പരിഭ്രാന്തിയുണ്ടാക്കുന്ന കോണ്‍ഗ്രസ് മാപ്പ് പറയണമെന്നാണ് രാജീവ് രഞ്ജന്‍ അന്ന് പാര്‍ലമെന്‍റില്‍ പറഞ്ഞത്. അന്നത്തെ വീഡിയോ പങ്കുവെച്ച് മനീഷ് തിവാരി ആവശ്യപ്പെടുന്നത് ബിജെപിയും എന്‍ഡിഎയുമാണ് രാജ്യത്തോട് മാപ്പ് പറയേണ്ടത് എന്നാണ്.

Advertising
Advertising


'രാജ്യത്ത് രോഗികള്‍ക്ക് മാത്രമേ കുറവുള്ളൂ!'

രാജ്യത്ത് കോവിഡ് വാക്സിന്‍ ക്ഷാമവും രൂക്ഷമാവുകയാണ്. മിക്ക ആശുപത്രികള്‍ക്ക് മുന്‍പിലും നോ വാക്സിന്‍ ബോര്‍ഡ് കാണാം. പക്ഷേ ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അവകാശപ്പെടുന്നത് ആവശ്യത്തിനുള്ള വാക്സിന്‍ ഉണ്ടെന്നാണ്. കോണ്‍ഗ്രസ് നേതാവ് പി ചിദംബരം കേന്ദ്ര ആരോഗ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു- "വാക്സിനും ഓക്സിജനും ഒന്നും രാജ്യത്ത് ഒരു കുറവുമില്ല. മന്ത്രിയെ വിശ്വസിക്കുക. രോഗികളുടെ കുറവ് മാത്രമേയുള്ളൂ".


'ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിക്കണം'

രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. രോഗവ്യാപനം രോഗമുക്തിയേക്കാള്‍ കൂടുതലാണ്. തെരഞ്ഞെടുപ്പ് റാലികള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണം. ജനങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News