മരിച്ചെന്ന് കരുതി ശവസംസ്കാരം നടത്തി; ഒരാഴ്ചക്ക് ശേഷം യുവാവ് തിരിച്ചെത്തി

ചികിത്സയിലിരിക്കെ മരിച്ച ഗോവര്‍ധന്‍ പ്രജാപത് എന്നയാളെ അജ്ഞാത മൃതദേഹമായി ആര്‍.കെ ഹോസ്പിറ്റല്‍ പ്രഖ്യാപിച്ചതാണ് പുലിവാലായത്

Update: 2021-05-28 02:37 GMT
Editor : Jaisy Thomas | By : Web Desk

മരിച്ചെന്ന് കരുതി ബന്ധുക്കള്‍ മൃതദേഹം സംസ്‌ക്കരിക്കുകയും മരണാനന്തര ചടങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷം മരിച്ചയാള്‍ വീട്ടില്‍ തിരിച്ചെത്തി. രാജസ്ഥാനിലെ രാജമസന്ദിലാണ് സംഭവം. ചികിത്സയിലിരിക്കെ മരിച്ച ഗോവര്‍ധന്‍ പ്രജാപത് എന്നയാളെ അജ്ഞാത മൃതദേഹമായി ആര്‍.കെ ഹോസ്പിറ്റല്‍ പ്രഖ്യാപിച്ചതാണ് പുലിവാലായത്. കാണാതായ ഓംകാര്‍ ലാല്‍ ഗഡുലിയ എന്ന യുവാവിന്‍റെ മൃതദേഹമാണിതെന്ന് തെറ്റിദ്ധരിച്ച് കുടുംബം ഏറ്റെടുക്കുകയും സംസ്‌കരിക്കുകയും ചെയ്യുകയായിരുന്നു

മദ്യപാനിയായ ഓംകാര്‍ ഗഡുലിയ മേയ് 11നാണ് വീട്ടില്‍ അറിയിക്കാതെ ഉദയ്പൂരിലേക്ക് പോയത്. കരള്‍ സംബന്ധമായ രോഗചികിക്തയ്ക്കായി ഓംകാര്‍ അവിടെ ഒരു ആശുപത്രിയില്‍ അഡ്മിറ്റാവുകയും ചെയ്തു. ഇതേ ദിവസം തന്നെയാണ് പ്രദേശത്ത് നിന്ന് ഏതാനും നാട്ടുകാര്‍ ഇടപെട്ട് ഗോവര്‍ധന്‍ പ്രജാപത് എന്നയാളെ ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹം ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു. എന്നാല്‍ പേരും വിലാസവുമില്ലാത്ത മൃതദേഹം ഏറ്റുവാങ്ങാന്‍ മൂന്നു ദിവസം പിന്നിട്ടിട്ടും ആരും എത്തിയില്ല. വിവരം പൊലീസ് പരസ്യപ്പെടുത്തിയതിനെ തുടര്‍ന്ന് പലരും മൃതദേഹ പരിശോധിക്കാനെത്തി.

Advertising
Advertising

ഇതിനിടെയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ വിട്ടുനല്‍കമെന്നാവശ്യപ്പെട്ട് ഓംകാറിന്‍റെ ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചത്. മൃതദേഹത്തിലെ ചില അടയാളങ്ങള്‍ കണ്ട് ഓംകാറാണെന്ന് തെറ്റിദ്ധരിച്ച് മൃതദേഹം ഏറ്റുവാങ്ങുകയും മേയ് 15ന് സംസ്‌ക്കാരവും നടത്തി. സംഭവം നടന്ന് ഒരാഴ്ച കഴിയുമ്പോഴാണ് മേയ് 23ന് എല്ലാവരെയും അത്ഭുതപ്പെടുത്തി ഓംകാറിന്‍റെ വരവ്. തന്‍റെ സംസ്കാരം നടന്നെന്ന് അപ്പോഴാണ് യുവാവ് മനസിലാക്കുന്നത്.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാള്‍ ഗോവര്‍ധന്‍ പ്രജാപത് എന്നയാളാണെന്ന് സ്ഥിരീകരിച്ചത്. പൊലീസിന്‍റെ പിഴവല്ലെന്നും അജ്ഞാത മൃതദേഹമെന്ന് പ്രഖ്യാപിച്ച ആശുപത്രിക്കാണ് വീഴ്ച സംഭവിച്ചതെന്നും പോലീസ് പറഞ്ഞു. മോര്‍ച്ചറി ജീവനക്കാര്‍ക്കാണ് പിഴവ് പറ്റിയതെന്ന് ആശുപത്രി അധികൃതരും സമ്മതിച്ചു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News