മരിച്ചുകൊണ്ടിരിക്കുന്ന കോവിഡ് രോഗിയായ അമ്മക്ക് വേണ്ടി അദ്ദേഹം വീഡിയോ കോളിലൂടെ പാടി; സോഷ്യല്‍മീഡിയയെ കണ്ണീരിലാഴ്ത്തി ഡോക്ടറുടെ ട്വീറ്റ്

സംഘമിത്ര ചാറ്റര്‍ജി എന്ന അമ്മക്ക് വേണ്ടിയാണ് മകന്‍ സോഹം ചാറ്റര്‍ജി പാടിയത്

Update: 2021-05-13 10:50 GMT
Editor : Jaisy Thomas | By : Web Desk

പിടിവിടാനാവാത്ത വിധം കോവിഡ് പിടിമുറിക്കിയിരിക്കുന്നു. ഹൃദയം പിളര്‍ക്കുന്ന കാഴ്ചകളാണ് എങ്ങും കണ്ടും കേട്ടുകൊണ്ടിരിക്കുന്നത്. ഉറ്റവരെ ഒരു നോക്ക് കാണാന്‍ പോലും സാധിക്കാതെ വിട പറഞ്ഞുപോകുന്നവര്‍ എപ്പോഴും തീരാവേദനയാണ്. ഡോക്ടര്‍മാരും ഇത്തരം സന്ദര്‍ഭങ്ങള്‍ക്ക് സാക്ഷിയാകാറുണ്ട്. അത്തരമൊരു സംഭവത്തെക്കുറിച്ച് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുകയാണ് ഡല്‍ഹിയിലെ ഡോക്ടറായ ഡോ.ദീപശിഖ ഘോഷ്. കോവിഡ് രോഗിയായ അമ്മക്ക് വേണ്ടി വീഡിയോ കോളിലൂടെ മകന്‍ പാടിക്കൊടുത്ത സംഭവത്തെക്കുറിച്ചാണ് ഡോക്ടര്‍ പറയുന്നത്. സംഘമിത്ര ചാറ്റര്‍ജി എന്ന അമ്മക്ക് വേണ്ടിയാണ് മകന്‍ സോഹം ചാറ്റര്‍ജി പാടിയത്.

Advertising
Advertising

''ഇന്ന് എന്‍റെ ഡ്യൂട്ടിയുടെ അവസാന സമയം, രോഗികള്‍ക്ക് വേണ്ടി അവരുടെ ബന്ധുക്കളെ വീഡിയോ കോളില്‍ വിളിച്ചുകൊടുക്കാറുണ്ട്. അവരെന്തെങ്കിലും ആവശ്യപ്പെട്ടാല്‍ ആശുപത്രി അത് ചെയ്തുകൊടുക്കാറുമുണ്ട്. മരിച്ചുകൊണ്ടിരിക്കുന്ന അമ്മക്ക് വേണ്ടി ഒരു പാട്ട് പാടാന്‍ കുറച്ചു സമയം അനുവദിക്കുമോ എന്നായിരുന്നു ഒരു മകന്‍ എന്നോട് ചോദിച്ചത്'' ദീപശിഖയുടെ ട്വീറ്റില്‍ പറയുന്നു. സോഹം ചാറ്റര്‍ജി പാട്ടുപാടിക്കൊണ്ടിരിക്കുമ്പോള്‍ അവിടമാകെ നിശ്ശബ്ദമായിരുന്നു. നഴ്സുമാരും പാട്ട് കേള്‍ക്കാനെത്തി. അയാള്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആ പാട്ട് പൂര്‍ത്തിയാക്കിയത്. അതുകണ്ട് ആ വാര്‍ഡില്‍ കണ്ണ് നിറയാത്തവരായി ആരുമുണ്ടായിരുന്നില്ല. അമ്മയുടെ രോഗവിവരങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ ശേഷം അയാള്‍ ഫോണ്‍ വച്ചു. ആ ഗാനം ഞങ്ങളെ മാറ്റിമറിച്ചുവെങ്കിലും അത് എല്ലായ്പ്പോഴും അവരുടെ തന്നെയായിരിക്കും'' ഡോക്ടര്‍ ട്വീറ്റ് ചെയ്തു.

ഡോക്ടറുടെ ട്വീറ്റ് വളരെ വേഗത്തില്‍ വൈറലാവുകയും ചെയ്തു. ഡോക്ടര്‍ ചെയ്തത് ഒരു സത്പ്രവൃത്തി തന്നെയാണെന്നാണ് ട്വിറ്റേറിയന്‍സിന്‍റെ അഭിപ്രായം. എന്നാല്‍ താനൊന്നും ചെയ്തില്ലെന്നും ഇതൊരിക്കലും ആര്‍ക്കും സംഭവിക്കാതിരിക്കട്ടെയെന്നും ഡോക്ടര്‍ പറഞ്ഞു.


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News