ഉണരൂ, രാജ്യത്ത് എന്താണ് നടക്കുന്നത് എന്നു കാണൂ; കേന്ദ്രത്തിനെതിരെ സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് ചന്ദ്രചൂഢ്

"ഒരു ജഡ്ജി എന്ന നിലയിലുള്ള അനുഭവത്തിൽ പറയട്ടെ. തെറ്റാണ് എന്ന് പറയാനുള്ള ശേഷി ദൗർബല്യത്തിന്റെ അടയാളമല്ല. ശക്തിയാണ്"

Update: 2021-05-31 17:27 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ നയവുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. മഹാമാരിയുമായി ബന്ധപ്പെട്ട് പരമോന്നത കോടതിയിൽ നിന്ന് അടുത്തകാലത്ത് ആദ്യമായാണ് കേന്ദ്രം ഇത്രയും രൂക്ഷമായ വിമർശനങ്ങൾ കേൾക്കുന്നത്. വിമർശനങ്ങൾക്ക് പിന്നാലെ ജസ്റ്റിസ് ചന്ദ്രചൂഢ് എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രൻഡിങ്ങായി.

ജസ്റ്റിസ് ചന്ദ്രചൂഢിന്റെ നിരീക്ഷണങ്ങൾ;

  • ഞങ്ങൾ (വാക്‌സിൻ) നയം മാറ്റാൻ ആവശ്യപ്പെടുന്നില്ല. ഉണരാനാണ് ഞങ്ങൾ അഭ്യർത്ഥിക്കുന്നത്. ഉണർന്ന് രാജ്യത്ത് എന്താണ് നടക്കുന്നത് എന്നു കാണൂ.
  • ഞാൻ ഭരണഘടന വായിക്കുകയായിരുന്നു. ആർടിക്കിൾ ഒന്ന് പറയുന്നത് ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനാണ് എന്നാണ്. ഭരണഘടന അതു പറയുമ്പോഴാണ് നമ്മൾ ഫെഡറൽ ഭരണസംവിധാനത്തെ പിന്തുടരുന്നത്. ഇന്ത്യാ ഗവൺമെന്റ് വാക്‌സിനുകൾ ശേഖരിച്ച് വിതരണം ചെയ്യണം. സംസ്ഥാനങ്ങളെ ആപത്ഘട്ടത്തിൽ സഹായിക്കാതെ ഉപേക്ഷിക്കരുത്.
  • വാക്‌സിനുകൾക്ക് സംസ്ഥാനങ്ങൾ എന്തിന് ഉയർന്ന വില നൽകണം. രാജ്യത്തുടനീളം വാക്‌സിനുകൾക്ക് വില ഏകീകരിക്കണം.
  • ഒരു വാർത്താ ചാനൽ മൃതദേഹങ്ങൾ പുഴയിൽ തള്ളുന്ന ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചതായി കണ്ടു. അത് കാണിച്ചതിന് വാർത്താ ചാനലുകൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ടോ എന്നെനിക്കറിയില്ല.
  • സാഹചര്യങ്ങൾക്ക് മാറ്റം വരുന്നു എന്ന് നിങ്ങൾ പറയുന്നു. എന്നാൽ ചെവി മണ്ണിൽ വച്ചു നോക്കൂ. നിങ്ങൾ ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് സംസാരിക്കുന്നു. എന്നാൽ യാഥാർത്ഥ്യങ്ങളെ കുറിച്ച് ബോധവാന്മാരല്ല. നിങ്ങൾക്ക് കോവിഡ് രജിസ്‌ട്രേഷൻ ആകാം. എന്നാൽ ഡിജിറ്റൽ ഡിവൈഡിനെ കുറിച്ച് നിങ്ങൾ എങ്ങനെ ഉത്തരം പറയും. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരിടത്തേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് നിങ്ങൾ എന്ത് ഉത്തരം നൽകും. വിദൂര ഗ്രാമങ്ങളിലുള്ള ആളുകൾക്ക് കോവിഡ് വാക്‌സിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക സാധ്യമാണോ?
  • ഒരു ജഡ്ജി എന്ന നിലയിലുള്ള അനുഭവത്തിൽ പറയട്ടെ. നിങ്ങൾ തെറ്റാണ് എന്ന് പറയാനുള്ള ശേഷി ദൗർബല്യത്തിന്റെ അടയാളമല്ല. ശക്തിയാണ്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News