'മഹാമാരിക്കിടയിലും അധികാരദുരയോടെ ഇടപെടുന്നത് അരാജകത്വം സൃഷ്ടിക്കും'; കേന്ദ്രത്തെ വിമർശിച്ച് ഉദ്ദവ് താക്കറെ

ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെങ്കില്‍ ജനങ്ങള്‍ മാപ്പുനല്‍കില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി സൂചിപ്പിച്ചു

Update: 2021-06-06 05:53 GMT
Editor : Shaheer | By : Web Desk

കോവിഡ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മഹാമാരിക്കിടയിലും അധികാരത്തിനു വേണ്ടിയുള്ള ആർത്തിയോടെ ഇടപെടുന്നത് അരാജകത്വത്തിലേക്കായിരിക്കും നയിക്കുകയെന്ന് താക്കറെ വിമർശിച്ചു.

മറാത്ത പത്രത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താക്കറെയുടെ വിമർശനം. ഇപ്പോൾ മനുഷ്യജീവനുകൾ രക്ഷിക്കുകയാണ് ഏറ്റവും പ്രധാനം. ഈ സമയത്തും അധികാരത്തിനുള്ള ആർത്തിയോടെ പ്രവർത്തിക്കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സമയത്ത് ഇത്തരത്തിൽ പ്രവർത്തിച്ചാൽ ജനങ്ങൾ മാപ്പുനൽകില്ലെന്നും ഉദ്ദവ് പറഞ്ഞു.

Advertising
Advertising

എനിക്ക് വോട്ട് ചെയ്ത ജനങ്ങൾ കോവിഡിനെ അതിജീവിച്ചില്ലെങ്കിൽ ഈ അധികാരം കൊണ്ട് എന്തു കാര്യമാണുള്ളത്? മുഖ്യമന്ത്രിയാകുക ഒരിക്കലു തന്‍റെ ലക്ഷ്യമായിരുന്നില്ല. ഒരിക്കലും രാഷ്ട്രീയത്തോട് ആഭിമുഖ്യമുണ്ടായിരുന്ന ആളായിരുന്നില്ല ഞാൻ. പിതാവിനെ സഹായിക്കാൻ വേണ്ടിയാണ് രാഷ്ട്രീയത്തിലെത്തിയത്. നൂറ്റാണ്ടിനുശേഷം ഒരു മഹാമാരി ഇപ്പോൾ എന്റെ മുഖ്യമന്ത്രി കാലയളവിൽ സംഭവിക്കുന്നു. ഒരിക്കലും ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടിയിട്ടില്ല. സാധ്യമായതിന്റെ പരമാവധി ഞാൻ ചെയ്യുന്നുണ്ട്-അദ്ദേഹം വ്യക്തമാക്കി.

ബിജെപിയോട് വീണ്ടും സഖ്യംകൂടാനുള്ള സാധ്യതയെക്കുറിച്ചും ഉദ്ദവ് പ്രതികരിച്ചു. ബിജെപി നേതാക്കളായിരുന്ന പ്രമോദ് മഹാജന്റെയും ഗോപിനാഥ് മുണ്ടെയുടെയും മരണത്തിനുശേഷം ബിജെപിയുമായുള്ള ബന്ധത്തിൽ വിശ്വാസം കുറഞ്ഞിട്ടുണ്ട്. ബിജെപി ഇപ്പോഴൊരു ഡൽഹി കേന്ദ്രീകൃത പാർട്ടിയാണ്. ഒരു സഖ്യത്തിൽ അഭിപ്രായ വ്യത്യസങ്ങൾ രേഖപ്പെടുത്താനും അവ പരിഹരിക്കാനുമുള്ള തുറന്ന അവസരമുണ്ടാകേണ്ടതുണ്ട്. പുതിയ സഖ്യകക്ഷികളായ എൻസിപിയും കോൺഗ്രസും ആദരവോടെയാണ് തങ്ങളോട് പെരുമാറുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പലപ്പോഴും വിളിക്കാറുണ്ടെന്നും ഉദ്ദവ് കൂട്ടിച്ചേർത്തു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News