ഫലസ്തീനിലെ ഇസ്രായേൽ ആക്രമണം; കേന്ദ്രസർക്കാർ മൗനം വെടിയണമെന്ന് മുസ്‌ലിം ലീഗ്

Update: 2021-05-12 14:56 GMT
Advertising

പുണ്യമാസത്തില്‍ ആരാധനയിലേര്‍പ്പിട്ടിരുന്ന ഫലസ്തീനികള്‍ക്ക് നേരെ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയിലുണ്ടായ വെടിവെപ്പും തുടര്‍ന്നരങ്ങേറിയ ഇസ്രയേല്‍ ക്രൂരതകളും ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണന്ന് മുസ്‌ലിം ലീഗ്. അക്രമവും ഭീതിയും സൃഷ്ടിച്ച് കിഴക്കന്‍ ജറുസലേം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അക്രമങ്ങളെന്നും മുസ്‌ലിം ലീഗ് രാഷ്ട്രീയകാര്യ ഉപദേശക സമിതി യോഗം വിലയിരുത്തി. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിൽ അംഗീകരിച്ച പ്രമേയം ഇസ്രായേലിനെതിരെ ഫലസ്തീനകള്‍ക്കൊപ്പം നില്‍ക്കാന്‍ സര്‍ക്കാരിനോടും രാജ്യത്തെ ജനങ്ങളോടും ആഹ്വാനം ചെയ്തു.

" മസ്ജിദുല്‍ അഖ്‌സ പൊളിക്കുക എന്നത് ഇസ്രയേലിന്റെ അജണ്ടയിലുള്ളതാണ്. ഫലസ്തീനികളുടെ ഭൂമി അവര്‍ക്ക് വിട്ടുകൊടുത്താല്‍ മാത്രമേ ഫലസ്തീനില്‍ ശ്വാശ്വത സമാധാനമുണ്ടാവുകയുള്ളൂ. ലോകജനത ഇസ്രയേലിന്റെ ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തണം. " - പ്രമേയത്തിൽ പറഞ്ഞു.

മുന്‍കാലങ്ങളിലെ സര്‍ക്കാരുകള്‍ സ്വീകരിച്ചുപോരുന്ന ഫലസ്തീൻ അനുകൂല നയങ്ങളില്‍ നിന്ന് ഇന്ത്യ പിന്നോക്കം പോകുന്നതായാണ് കാണുന്നത്. ഇത് വംശവെറിക്കെതിരായുള്ള രാജ്യത്തിന്റെ പരമ്പരാഗത നിലപാടിനെതിരാണ്. ഇത്തരം തെറ്റായ നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്നും മുസ്‌ലിം ലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഫലസ്തീനികള്‍ക്കെതിരെയുള്ള സയണിസ്റ്റ് അതിക്രമത്തിനെതിരെ മെയ് പതിമൂന്നിന് (നാളെ) രാജ്യവ്യാപകമായി രാവിലെ പത്ത് മണിക്ക് സ്വന്തം വീടുകളില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ മുസ്‌ലിം ലീഗ് ദേശീയ നേതൃത്വം ആഹ്വാനം ചെയ്തു. 

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News