ചീഫ് സെക്രട്ടറിയെ വിട്ടുതരില്ല: മമതയും കേന്ദ്രവും തമ്മില്‍ പോര് മുറുകുന്നു

മമതാ ബാനർജി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു

Update: 2021-05-31 06:57 GMT

ചീഫ് സെക്രട്ടറി ആലാപൻ ബന്ധോപാധ്യയെ തിരികെ വിളിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. പ്രധാനമന്ത്രിയുടെ അവലോകന യോഗം ബഹിഷ്കരിച്ചതിന് പിന്നാലെയാണ് ബംഗാൾ ചീഫ് സെക്രട്ടറിയെ പിൻവലിച്ച് കേന്ദ്രം ഉത്തരവ് ഇറക്കിയത്. പുതിയ സംഭവത്തോടെ ബംഗാൾ സർക്കാറും കേന്ദ്രവും തമ്മിലുള്ള പോര് പുതിയ തലത്തിലെത്തി.

കേന്ദ്രത്തിന്‍റെ ഏകപക്ഷീയമായ തീരുമാനം ഞെട്ടലുണ്ടാക്കിയെന്നും കോവിഡിനെതിരായ പോരാട്ടത്തിന്റെ നിർണായക നിമിഷത്തിൽ ചീഫ് സെക്രട്ടറിയെ വിട്ടുനൽകാൻ ബംഗാളിന് ആവില്ലെന്നും കാട്ടിയാണ് മമത ബാനർജി പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. പരിചയസമ്പന്നനായ ഉദ്യോഗസ്ഥന്റെ സേവനം നിലവിലെ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണ്. കൂടിയാലോചനയോ മുൻകൂർ നോട്ടീസോ ഇല്ലാതെ ചീഫ് സെക്രട്ടറിയെ പിൻവലിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നാണ് കരുതുന്നതെന്നും മമത കത്തിൽ പറയുന്നുണ്ട്.

Advertising
Advertising

ആലാപൻ ബന്ധോപാധ്യായ ഇന്ന് രാവിലെ 10ന് പഴ്സണൽ മന്ത്രാലത്തിന് മുന്‍പാകെ ഹാജരാകണമെന്നായിരുന്നു കേന്ദ്രസർക്കാറിന്റെ ഉത്തരവ്. 1987 ഐഎഎസ് ബാച്ചുകാരനായ ആലാപൻ ഉപാധ്യായയുടെ ഔദ്യോഗിക കാലാവധി ഇന്ന് അവസാനിക്കുമെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് മൂന്ന് മാസം കൂടി അദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയിരുന്നു. യാസ് ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങൾ അവലോകനം ചെയ്യുന്നതിന് 28ന് ബംഗാളിലെ കലൈകുണ്ഡയിൽ നടന്ന യോഗത്തിൽ മമതയും ചീഫ് സെക്രട്ടറിയും പങ്കെടുത്തിരുന്നില്ല. 30 മിനിട്ടോളം വൈകി മമതയ്ക്കൊപ്പം എത്തിയ ചീഫ് സെക്രട്ടറി നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നൽകിയശേഷം മടങ്ങുകയായിരുന്നു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News