ജമ്മു കശ്മീരിലും ആന്‍ഡമാന്‍ നിക്കോബാറിലും ഭൂചലനം; ആളപായമില്ല
ബാരാമുള്ളയില്‍ ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകള്‍ക്ക് പുറത്തേക്ക് ഓടിയിറങ്ങി
ശ്രീനഗര്‍: ജമ്മു കശ്മീരിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് മേഖലയിലും ഭൂചലനം. ജമ്മു കശ്മീരിലെ ബാരാമുള്ള മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലര്‍ച്ചെ 5.35ഓടെയാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 3.30ഓടെയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് മേഖലകളില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. രണ്ടിടത്തും ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബാരാമുള്ളയില്‍ ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകള്‍ക്ക് പുറത്തേക്ക് ഓടിയിറങ്ങി. വീടുകളുടെ വാതിലുകളും ജനലുകളും വീട്ടുപകരണങ്ങളും വിറച്ചതായി ജനങ്ങള്‍ പറഞ്ഞു. ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സമീപമേഖലകളായ ശ്രീനഗര്‍, പുല്‍വാമ, ഷോപിയാന്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
ആന്‍ഡമാന്‍ നിക്കോബാറില്‍ കാംപ്‌ബെല്‍ ബേ മേഖലയില്‍ സമുദ്രത്തിനടിയില്‍ ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.