നവജാത ശിശുവിനെ തട്ടിയെടുത്ത് വില്‍പന നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍

16 ലക്ഷം രൂപക്കാണ് കുഞ്ഞിനെ വിറ്റത്. വായ്പാതുക തിരിച്ചടയ്ക്കാനാണ് കുഞ്ഞിനെ വിറ്റതെന്ന് പ്രതിയായ ഡോക്ടര്‍ പറഞ്ഞു.

Update: 2021-06-01 10:49 GMT
Advertising

വായ്പ തിരിച്ചടയ്ക്കാന്‍ നവജാത ശിശുവിനെ തട്ടിയെടുത്ത് വില്‍പന നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ ചാമരാജ്‌പേട്ടിലെ ആശുപത്രിയില്‍ കഴിഞ്ഞവര്‍ഷമാണ് സംഭവം. മനഃശാസ്ത്രജ്ഞയായ ഡോ. രശ്മി ശശികുമാറാണ് അറസ്റ്റിലായത്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക മെറ്റേണിറ്റി ഹോമില്‍ നിന്നാണ് ഇവര്‍ കുഞ്ഞിനെ തട്ടിയെടുത്തത്.

ഡോക്ടര്‍ ചികിത്സിക്കുന്ന ദമ്പതികള്‍ക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. ഇവരുടെ കുഞ്ഞിന് ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇതോടെ ദമ്പതികള്‍ മറ്റൊരു കുഞ്ഞ് വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ അത് സാധിക്കുമായിരുന്നില്ല.

വാടക ഗര്‍ഭപാത്രം സംഘടിപ്പിച്ചുതരാമെന്ന് ദമ്പതികള്‍ക്ക് വാക്ക് നല്‍കിയെങ്കിലും ഡോക്ടര്‍ക്ക് അതിന് കഴിഞ്ഞില്ല. പറഞ്ഞ സമയം കഴിഞ്ഞതോടെ ചാമരാജ്‌പേട്ടിലെ ആശുപത്രിയിലെത്തിയ ഡോക്ടര്‍ പിറകിലെ ഗേറ്റിലുടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.

കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചിത്. തുടര്‍ന്ന് 20 അംഗ അന്വേഷസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 16 ലക്ഷം രൂപക്കാണ് കുഞ്ഞിനെ വിറ്റത്. വായ്പാതുക തിരിച്ചടയ്ക്കാനാണ് കുഞ്ഞിനെ വിറ്റതെന്ന് പ്രതിയായ ഡോക്ടര്‍ പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News