കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ്; പ്രഖ്യാപനവുമായി പഞ്ചാബ് സര്‍ക്കാര്‍
ഒരു ലക്ഷം കിറ്റുകള്‍ നിലവില്‍ വിതരണത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്
കോവിഡ് ബാധിച്ച, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. ഒരു ലക്ഷം കിറ്റുകള്‍ നിലവില്‍ വിതരണത്തിന് തയാറാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ കിറ്റുകള്‍ തയാറാക്കുമെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി.
പത്തു കിലോ ആട്ട, രണ്ടു കിലോ പഞ്ചസാര, രണ്ടു കിലോ കടല എന്നിവയാണ് കിറ്റിലുള്ളത്. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ പഞ്ചാബിലെ സ്ഥിതിഗതികളും ഗുരുതരമാണ്. രോഗവ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും പ്രഖ്യാപിച്ചിരുന്നു.
ഫെബ്രുവരി അവസാനം 600ല്‍ താഴെ കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന പഞ്ചാബില്‍ 6,472 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. 53,426 സജീവ കോവിഡ് കേസുകള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. നഗരങ്ങളേക്കാള്‍ കൂടുതല്‍ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ് മരണനിരക്കും ഉയരുകയാണ്. ഇതുവരെ 8,772 കോവിഡ് മരണങ്ങളാണ് പഞ്ചാബില്‍ രേഖപ്പെടുത്തിയത്.