ഭുവനേശ്വർ: പാമ്പിനെ പിടിക്കാൻ സ്നേക്ക് ഹുക്കുകളും സഞ്ചിയുമൊക്കെയാണ് ഇക്കാലത്ത് റെസ്ക്യൂവർമാർ ഉപയോഗിക്കുന്നത്. അനുഭവപരിചയമുള്ള പലരും പേടിയില്ലാതെ കൈകകൾ മാത്രവും ഉപയോഗിക്കാറുമുണ്ട്. എന്നാൽ കൈകളോ സ്നേക്ക് ഹുക്കോ ഇല്ലാതെ വായ കൊണ്ട് പാമ്പിനെ പിടിക്കാനിറങ്ങിയാലോ...? അതും നമ്മെ ഒറ്റക്കൊത്തിന് തീർക്കാൻ തക്ക വിഷമുള്ള മൂർഖനെ... അതെ, അങ്ങനെയും സംഭവിച്ചു.
ഒഡിഷയിലെ ബാലസോറിലാണ് ഞെട്ടിക്കുന്ന സംഭവം. രെമുന സ്വദേശിയായ കാഗാ ഭായ് എന്നയാളാണ് നാട്ടുകാരെ വിറപ്പിച്ച മൂർഖനെ നൈസായി വായ കൊണ്ട് നേരിട്ട് പിടികൂടിയത്. കാഴ്ചക്കാരെ മുൾമുനയിൽ നിർത്തുന്ന പാമ്പുപിടിത്തത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കാഗയുടെ ഞെട്ടിക്കൽ പാമ്പുപിടിത്തം കാണാൻ നിരവധി പേരാണ് ചുറ്റും കൂടിയിരുന്നത്.
നിലത്ത് മൂർഖന്റെ മുന്നിൽ ഇരുന്ന ശേഷം അതിന് ഏതെങ്കിലും രീതിയിൽ പ്രതികരിക്കാൻ സമയം കിട്ടുംമുമ്പേ കാഗാ ഭായ് വായിലാക്കി. ഇതോടെ കൂടിനിന്ന കുട്ടികളുടെയും മുതിർന്നവരുടേയും നെഞ്ചിടിപ്പേറി. എന്നാൽ 'ഇതൊക്കെയെന്ത്' എന്നതായിരുന്നു കാഗാ ഭായിയുടെ ഭാവം. പാമ്പിന്റെ പത്തിയും വായ്ഭാഗവുമാണ് കാഗാ ഭായ് തന്റെ വായിലാക്കിയത്. പാമ്പിനെ വായിൽ പിടിച്ച് നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിച്ച കാഗാ ഭായ്, തുടർന്ന് വാലിലും നടുവിലും പിടിച്ച് കൈയിലേക്ക് മാറ്റുകയും ചെയ്തു.
കുറച്ചുനേരം അങ്ങനെ പിടിച്ചുകൊണ്ടിരുന്ന പാമ്പിനെ വാങ്ങാൻ ഒരാൾ അടുത്തെത്തിയെങ്കിലും കാഗ അയാളോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. തുടർന്ന്, വീണ്ടും നിലത്തേക്കിട്ട് പാമ്പിന് തൊല്ലൊരു ആശ കൊടുത്ത ശേഷം വീണ്ടും പിടികൂടി തുണി സഞ്ചിയിലാക്കുകയുമായിരുന്നു. ഒടുവിൽ മറ്റൊരു പാമ്പിനെക്കൂടി പിടികൂടിയ ശേഷമാണ് കാഗാ ഭായ് തിരിച്ചുപോയത്.
നേരത്തെ, ആന്ധ്രാപ്രദേശിൽ മദ്യലഹരിയിൽ വീട്ടിലേക്ക് പോയൊരു യുവാവിനെ വിഷപ്പാമ്പ് കടിക്കുകയും സഹായം തേടുന്നതിനു പകരം, അയാൾ പാമ്പിനെ പിടികൂടി അതിന്റെ തല കടിച്ചുമുറിക്കുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടിലേക്ക് കാെണ്ടുപോയ പാമ്പിനെ അടുത്തുവച്ച് ഉറങ്ങുകയും ചെയ്തു. ചികിത്സ തേടാത്തതിനാൽ, രാത്രിയോടെ വിഷം ശരീരമാകെ വ്യാപിക്കുകയും യുവാവിന്റെ നില വഷളാവുകയും ചെയ്തു. ഒടുവിൽ യുവാവ് ആശുപത്രിയിലുമായി.
പാമ്പിനെ പിടിച്ച് അഭ്യാസം കാണിക്കുന്നതിനിടെ ജീവൻ പോലും നഷ്ടമായ അവസ്ഥയും ഉണ്ടായിട്ടുണ്ട്. മൂർഖൻ പാമ്പിനെ പിടിച്ച് തല വായിലാക്കി സാഹസ വീഡിയോ പകർത്തുന്നതിനിടെ കടിയേറ്റ് യുവാവ് മരിച്ചിരുന്നു. 2024 സെപ്തംബറിൽ തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേശായിപേട്ട് ഗ്രാമത്തിലായിരുന്നു സംഭവം. 20കാരനായ മോച്ചി ശിവരാജാണ് മരിച്ചത്.
കടിച്ച പാമ്പിനെ ജാക്കറ്റിനുള്ളിലാക്കി ഒരാൾ ആശുപത്രിയിലെത്തിയതാണ് മറ്റൊരു സംഭവം. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇത്. യുപി മഥുരയിലെ ഒരു ഇ-റിക്ഷാ ഡ്രൈവർക്കാണ് പാമ്പ് കടിയേറ്റത്. തുടർന്ന് ഇയാൾ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലെത്തി. കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ബഹളം വച്ച ഇയാളോട് പാമ്പ് എവിടെ എന്ന് ചോദിച്ചപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച് ഇയാൾ തന്റെ ജാക്കറ്റിന്റെ സിപ്പ് തുറന്ന് ഉള്ളിലിരുന്ന ജീവനുള്ള പാമ്പിനെ പുറത്തെടുത്തത്.