കോവിഡ് മരുന്നിന് കടുത്ത ക്ഷാമം, മരുന്ന് കൈവശമുണ്ടെന്ന് ഗൗതം ഗംഭീര്‍; പൂഴ്ത്തിവെച്ച മരുന്നെന്ന് ആരോപണം

ദല്‍ഹി നഗരത്തില്‍ ഏറ്റവും കൂടുതല്‍ ക്ഷാമം നേരിടുന്ന കോവിഡ് രോഗലക്ഷണങ്ങള്‍ക്കെതിരായ മരുന്നാണ് ഫാബിഫ്ലൂ

Update: 2021-04-22 10:11 GMT
Editor : ijas

കോവിഡ് മരുന്ന് കൈവശമുണ്ടെന്ന മുന്‍ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീറിന്‍റെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം. ഗംഭീര്‍ വിതരണം ചെയ്യുന്നത് പൂഴ്ത്തിവെച്ച മരുന്നാണെന്നാണ് ആരോപണം. ഈസ്റ്റ് ദല്‍ഹിയിലെ ജനങ്ങള്‍ക്ക് ഫാബിഫ്ലൂ മരുന്ന എം.പി ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കുമെന്നായിരുന്നു ഗൗതം ഗംഭീറിന്‍റെ ട്വീറ്റ്. മരുന്ന് ആവശ്യമുള്ളവര്‍ രാവിലെ 10 മണിക്കും വൈകിട്ട് അഞ്ച് മണിക്കും ഇടയില്‍ ആധാറും ഡോക്ടറുടെ കുറിപ്പടിയും കൊണ്ട് വരണമെന്നും ഗൗതം ഗംഭീര്‍ എം.പി ആവശ്യപ്പെട്ടു.

ദല്‍ഹി നഗരത്തില്‍ ഏറ്റവും കൂടുതല്‍ ക്ഷാമം നേരിടുന്ന കോവിഡ് രോഗലക്ഷണങ്ങള്‍ക്കെതിരായ മരുന്നാണ് ഫാബിഫ്ലൂ. അതെ സമയം ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കാത്ത മരുന്ന് ഒരുമിച്ച് എങ്ങനെയാണ് ലഭിച്ചതെന്ന കാര്യത്തില്‍ ഗംഭീര്‍ വിശദീകരണം നല്‍കിയിട്ടില്ല.

Advertising
Advertising

ഈ മരുന്ന് വിതരണം പൂഴ്ത്തിവെപ്പിലൂടെയാണെന്ന് സോംനാഥ് ഭാരതി, രാജേഷ് ശർമ തുടങ്ങിയ എ.എ.പി നേതാക്കളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും ആരോപണമുന്നയിച്ചു.

'ഇനിയും എത്ര ഫാബിഫ്ലൂ നിങ്ങളുടെ കൈവശമുണ്ട്?, എങ്ങനെയാണ് ഇത്രയധികം ഫാബിഫ്ലൂ നിങ്ങള്‍ കരസ്ഥമാക്കിയത്?, ഇത് നിയമപരമാണോ?, ഇത്തരത്തില്‍ അന്യായ രീതിയില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഫാബിഫ്ലൂ ശേഖരിച്ചത് കൊണ്ടാണോ മരുന്നിന് ക്ഷാമം നേരിട്ടത്?'; എന്നിങ്ങനെ നാല് ചോദ്യങ്ങളാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ഗൗതം ഗംഭീറിനോട് ചോദിച്ചത്. എന്നാല്‍ ഇതിനൊന്നും ഗംഭീര്‍ മറുപടി നല്‍കിയിട്ടില്ല.

എന്നാല്‍ മറ്റൊരു ട്വീറ്റില്‍ ദല്‍ഹി തന്‍റെ സ്വന്തം വീടാണെന്നും അവസാന ശ്വാസം വരെ ഇവിടുത്തെ ജനങ്ങളെ സേവിക്കുമെന്നും ഗംഭീര്‍ പറഞ്ഞു. ബെഡുകള്‍, ഓക്സിജന്‍, മരുന്ന് എന്നീ ആവശ്യങ്ങളോട് കഴിയുന്ന രീതിയില്‍ സഹായം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Editor - ijas

contributor

Similar News