കോവിഡ്: സമാജ് വാദി പാര്‍ട്ടി എം.പി അസം ഖാന്റെ നില ഗുരുതരം
സീതാപൂര്‍ ജയിലില്‍ കഴിയുകയായിരുന്ന അസം ഖാനെ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മെയ് ഒമ്പതിനാണ് മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന സമാജ് വാദി പാര്‍ട്ടി എം.പി അസം ഖാന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയിലാണ് അസം ഖാന്‍ ചികിത്സയില്‍ കഴിയുന്നത്.
അസം ഖാന്റെ നില ഗുരുതരമാണെന്നും അദ്ദേഹം ഓക്‌സിജന്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
സീതാപൂര്‍ ജയിലില്‍ കഴിയുകയായിരുന്ന അസം ഖാനെ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മെയ് ഒമ്പതിനാണ് മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ മകന്‍ അബ്ദുള്ള ഖാനെയും കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹം പിന്നീട് കോവിഡ് മുക്തനായി.
നൂറിലേറെ കേസുകളില്‍ പ്രതിയായ അസം ഖാനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സീതാപൂര്‍ ജയിലിലടച്ചത്. അദ്ദേഹത്തിന്റെ മകനും ഇതേ ജയിലില്‍ തടവിലാണ്. ഭൂമി കയ്യേറ്റം, സ്ഥലതട്ടിപ്പ്, മോഷണം തുടങ്ങിയ കേസുകളാണ് അസം ഖാന്റെ പേരിലുള്ളത്.