ആ ഹൃദയം നിലച്ചു; പ്രിയതമ പകര്‍ന്ന അവസാന ശ്വാസമെടുത്ത്

കോവിഡ് ബാധിച്ച ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഓക്സിജൻ ക്ഷാമം കാരണം പുറത്തു നിര്‍ത്തുകയായിരുന്നു.

Update: 2021-04-26 10:17 GMT

കോവിഡിന്‍റെ രണ്ടാം തരംഗം ശക്തിപ്രാപിക്കവെ രാജ്യത്തെ പല ആശുപത്രികളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ജീവശ്വാസം കിട്ടാതെ മരണത്തോടു മല്ലിടുന്ന മനുഷ്യര്‍ രാജ്യം ഇന്ന് കടന്നുപോകുന്ന നിസ്സഹായാവസ്ഥയുടെ നേര്‍ചിത്രങ്ങളാണ്. അത്തരത്തില്‍ കരളുലയ്ക്കുന്നൊരു കാഴ്ചയാണ് ആഗ്രയില്‍ നിന്നും പുറത്തുവരുന്നത്.

ജീവശ്വാസം കിട്ടാതെ മരണത്തോടു മല്ലിടുന്ന പ്രിയതമന് അവസാന ശ്വാസം നല്‍കുന്ന സ്ത്രീയുടെ ചിത്രം. കോവിഡ് ബാധിച്ച ഭര്‍ത്താവിനെ അവര്‍ ആഗ്ര എസ്.എൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഓക്സിജൻ ക്ഷാമം കാരണം ആ മനുഷ്യനെ മുറ്റത്ത് തന്നെ നിർത്തുകയായിരുന്നു. 

Advertising
Advertising

പക്ഷെ  ആരൊക്കെ പുറത്തു നിർത്തിയാലും പ്രിയപ്പെട്ടവനെ ജീവിതത്തിലേക്കു കൊണ്ടുവരാനുള്ള ഒരു ഭാര്യയുടെ അവസാന ശ്രമമായിരുന്നു അത്. നിലയ്ക്കാന്‍ പോകുന്ന പ്രാണനുമായി തന്‍റെ മടിയില്‍ കിടന്ന ഭര്‍ത്താവിന് അവര്‍ ജീവശ്വാസം പകര്‍ന്നു. പക്ഷെ ആ അന്ത്യ ചുംബനം സ്വീകരിച്ച് അദ്ദേഹം യാത്രയായി. 

ഇത്തരത്തില്‍ രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും വരുന്ന വാര്‍ത്തകളും ചിത്രങ്ങളും അത്യന്തം വേദനാജനകമാണ്. ഓക്‌സിജന്റെ അഭാവം മൂലം ചികിത്സ ലഭിക്കാതെ നിരവധിപേരാണ് മരിച്ചു വീഴുന്നത്. അതേസമയം, കോവിഡ് കേസുകളും മരണസംഖ്യയും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 3,52,991 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2812 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.   

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News