ഡല്‍ഹിയില്‍ ഹൈക്കോടതി ജഡ്ജിമാരുടെ കോവിഡ് ചികിത്സയ്ക്കായി പഞ്ചനക്ഷത്ര ഹോട്ടല്‍

ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലൊന്നായ അശോക ഹോട്ടലില്‍ എല്ലാവിധ മെഡിക്കല്‍ സൌകര്യങ്ങളോടും കൂടി 100 റൂമുകളാണ് കോവിഡ് കെയര്‍ സെന്‍ററുകളാക്കി മാറ്റിയിട്ടുള്ളത്.

Update: 2021-04-27 06:08 GMT
By : Web Desk

കോവിഡിന്‍റെ പിടിയിലമര്‍ന്ന് എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഡല്‍ഹി. ആശുപത്രികള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നതിന്‍റെ പരിധികള്‍ കടന്ന് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. കട്ടിലുകളില്ല, ജീവവായുവില്ല.. മനുഷ്യര്‍ തെരുവില്‍ മരിച്ചുവീഴുന്നു... മരിച്ചാലും സ്വസ്ഥത കിട്ടാതെ പോലെ സംസ്കരിക്കാന്‍ ഇടമില്ലാതെ മൃതദേഹവുമായി ബന്ധുക്കള്‍ക്ക് അലയേണ്ടി വരുന്നു.. കൂട്ടിയിട്ട് കത്തിക്കേണ്ടി വരുന്നു.

പക്ഷേ, ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്‍ജിമാര്‍ക്കും കോടതിയിലെ മറ്റ് സ്റ്റാഫുകള്‍ക്കും ഈ ഗതി വരില്ല. സംസ്ഥാനത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലൊന്നായ അശോക ഹോട്ടലില്‍ എല്ലാവിധ മെഡിക്കല്‍ സൌകര്യങ്ങളോടും കൂടി 100 റൂമുകളാണ് കോവിഡ് കെയര്‍ സെന്‍ററുകളാക്കി മാറ്റിയിട്ടുള്ളത്.

Advertising
Advertising

ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നുള്ള 'അപേക്ഷ'യെ തുടര്‍ന്നാണ് ഈ നടപടി. ഡല്‍ഹി ഹൈക്കോടതിയിലെ എല്ലാ ജഡ്‍ജിമാര്‍ക്കും, മറ്റ് ജുഡീഷ്യല്‍ ഓഫീസര്‍ക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി മാത്രം തത്ക്കാലത്തേക്ക് കോവിഡ് ചികിത്സയ്ക്കായി ഒരു കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ ഒരുക്കണമെന്നായിരുന്നു അഭ്യര്‍ത്ഥന. തുടര്‍ന്നാണ് പഞ്ചനക്ഷത്ര ഹോട്ടലായ അശോകയില്‍ കോവിഡ് ചികിത്സയ്ക്കായി സര്‍ക്കാര്‍ സംവിധാനമൊരുക്കിയത്. ചാണക്യപുരി സബ്​-ഡിവിഷണൽ മജിസ്​ട്രേറ്റ്​ ഗീത ഗ്രോവർ ആണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയിട്ടുള്ളത്. ഉത്തരവ് നടപ്പില്‍ വന്നു കഴിഞ്ഞു.

ഓക്സിജന്‍ കിടക്കകള്‍ ഉറപ്പുനല്‍കുന്ന ലെവല്‍ 2 കെയര്‍ സൌകര്യമാണ് ഈ കോവിഡ് ഹെല്‍ത്ത് സെന്‍ററില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗിക്ക് പെട്ടെന്ന് വിദഗ്‍ധ ചികിത്സ ആവശ്യമായി വന്നാല്‍ ആശുപത്രിയിലേക്ക് മാറ്റാനായി ഓക്സിജന്‍ സൌകര്യമുള്ള ആംബുലന്‍സ് ഉണ്ടായിരിക്കണമെന്നും ഉത്തരവിലുണ്ട്.

ചാണക്യപുരിയിലെ പ്രിമസ്​ ആശുപത്രിക്കായിരിക്കും പഞ്ചനക്ഷത്ര ഹോട്ടലിലെ കോവിഡ്​ കെയർ സെന്‍ററിന്‍റെ നടത്തിപ്പ്​ ചുമതല. കോവിഡ്​ കെയർ സെൻററിലുണ്ടാവുന്ന മെഡിക്കൽ മാലിന്യത്തിന്‍റെ നിർമാർജ്ജനവും ഇവരുടെ ചുമതലയായിരിക്കും. ഹോട്ടലിലെ ജീവനക്കാർക്ക്​ ​രോഗികളെ പരിചരിക്കുന്നതിനുള്ള പ്രാഥമിക പരിശീലനവും ആശുപത്രി നൽകും.

ഹോട്ടൽ ജീവനക്കാരുടെ കുറവുണ്ടായാൽ പകരം ആളുകളെ ആശുപത്രി നൽകും. റൂമുകളുടെ വൃത്തിയാക്കൽ, അണുനശീകരണം, രോഗികൾക്ക്​ ഭക്ഷണം നൽകൽ തുടങ്ങിയവയെല്ലാം ഹോട്ടൽ അധികൃതരാണ്​ നിർവഹിക്കുകയെന്നും ഇതുസംബന്ധിച്ച ഉത്തരവിൽ വ്യക്​തമാക്കുന്നു. 

Tags:    

By - Web Desk

contributor

Similar News